അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്ത്; കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രധാന വിധി

ദില്ലി: അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്ത്. അലോക് വര്‍മ്മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സുപ്രിം കോടതി റദ്ദാക്കി. എന്നാല്‍ വര്‍മ്മയ്‌ക്കെതിരായ പരാതികള്‍ ഒരാഴ്ചക്കകം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ സമിതി പരിശോധിക്കണം എന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. സെലക്ഷന്‍ സമിതിയുടെ തീരുമാനം വരുന്നത് വരെ അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ എന്ന നിലയില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമുണ്ടാകില്ല എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌യുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും, എല്‍ നാഗേശ്വര്‍ റാവുവിന് താത്കാലിക ഡയറക്റ്ററുടെ ചുമതല കൈമാറുകയും ചെയ്ത് കൊണ്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം പുറത്ത് ഇറക്കിയ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. അലോക് വര്‍മ്മയ്ക്ക് എതിരായ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഉത്തരവും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി. സിബിഐ ഡയറക്റ്റര്‍ക്ക് എതിരായ പരാതികളില്‍ സെലെക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടപടി എടുക്കാന്‍ സാധിക്കുകയുള്ളു.

വിനീത് നാരായണ്‍ കേസിലെ വിധിയിലും ഡല്‍ഹി സ്‌പെഷല്‍ പോലീസ് നിയമത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ അലോക് വര്‍മ്മയ്ക്ക് എതിരായ ആക്ഷേപങ്ങള്‍ സെലെക്ഷന്‍ കമ്മിറ്റി പരിശോധിക്കണം എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ അടങ്ങുന്നത് ആണ് സെലെക്ഷന്‍ കമ്മിറ്റി. പരാതികള്‍ പരിശോധിക്കാന്‍ സെലെക്ഷന്‍ കമ്മിറ്റി ഒരാഴ്ചക്കകം യോഗം ചേരണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സെലെക്ഷന്‍ കമ്മിറ്റി തീരുമാനം വരുന്നത് വരെ അലോക് വര്‍മ്മയ്ക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. സുപ്രീം കോടതി വിധി ഭാഗീക വിജയം എന്നാണ് കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടനയ്ക്ക് വേണ്ടി ഹാജര്‍ ആയ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. അലോക് വര്‍മ്മയ്ക്ക് എതിരായ നടപടി താത്കാലികം ആണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദവും സുപ്രീം കോടതി അംഗീകരിച്ചില്ല. സെലേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ ഇല്ലാതെ സി ബി ഐ ഡയറക്റ്റര്‍ക്ക് എതിരെ താത്കാലിക നടപടി പോലും സാധ്യം അല്ല എന്നാണ് വിധിയില്‍ വ്യകത്മാക്കിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അവധിയില്‍ ആയതിനാല്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ആണ് ചീഫ് ജസ്റ്റിസ് എഴുതിയ വിധി ഇന്ന് വായിച്ചത്. ഫെബ്രുവരി 1 ന് ആണ് അലോക് വര്‍മ്മയുടെ കാലാവധി അവസാനിക്കുന്നത്. അതിന് മുമ്പ് സെലെക്ഷന്‍ കമ്മിറ്റിയുടെ അനുകൂല തീരുമാനം ഉണ്ടായില്ല എങ്കില്‍ വര്‍മ്മയ്ക്ക് അധികാരം ഇല്ലാതെ സ്ഥാനം ഒഴിയേണ്ടി വരും.

DONT MISS
Top