സാമുവല്‍ അബിയോള റോബിന്‍സണ്‍: ഇന്ത്യന്‍ സിനിമയില്‍ സാന്നിധ്യമുറപ്പിക്കുന്ന ആദ്യ ആഫ്രിക്കന്‍ താരമെന്ന ഖ്യാതിയുമായി കൂടുതല്‍ സിനിമകളിലേക്ക്

ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന ആദ്യ നൈജീരിയന്‍ താരമെന്ന പ്രൗഢിയുമായാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ സിനിമകൊണ്ട് മലയാള സിനിമയിലെ താരമായിരിക്കുകയാണ് സാമുവല്‍ എന്ന മലയാളികളുടെ സുഡു മോന്‍.

വാള്‍ട്ട് ഡിസ്‌നിയുടെ ഡെസ്പറേറ്റ് ഹൗസൈ്വവ്‌സ് ആഫ്രിക്ക, ടിന്‍സല്‍, എംടിവിയുടെ ഷുക എന്നീ ചിത്രങ്ങളിലൂടെ ആഫ്രിക്കന്‍ സിനിമകളിലെ സ്ഥിര സാന്നിധ്യമായ സാമുവല്‍ 2018 അവസാനിക്കുമ്പോള്‍ കേരളത്തിന്റെ സ്വന്തം സുടു ആയി മാറി കഴിഞ്ഞിരുന്നു. അഭിനയ മികവ് കൊണ്ട് ഒറ്റ സിനിമ കൊണ്ട് മലയാള സിനിമയില്‍ സ്ഥിരം സാന്നിധ്യമുറപ്പിക്കുകയായിരുന്നു ഈ ആഫ്രിക്കക്കാരന്‍. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, സാമുവല്‍ റോബിന്‍സണ്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം റിലീസ് ചെയ്ത് കുറഞ്ഞ നാളുകള്‍കൊണ്ട് മികച്ച വിജയമാണ് ചിത്രം നേടിയത്.

സിനിമ കഴിഞ്ഞിട്ടും കേരളത്തോടുള്ള നന്ദിയും സ്‌നേഹവും മനസ്സില്‍ സുക്ഷിച്ച സാമുവല്‍ അബിയോളയ്ക്ക് വീണ്ടും മലയാള സിനിമയില്‍ അവസരങ്ങള്‍ ഒരുങ്ങുകയാണ്. റിലീസിങ്ങിന് ഒരുങ്ങുന്ന ഒരു കരീബിയന്‍ ഉടായിപ്പ് സാമുവലിന് അവസരങ്ങളൊരുക്കുമ്പോള്‍ വിദേശ നടനായി വന്നു മലയാളക്കരയുടെ മനസ്സില്‍ ഇടം നേടിയ സാമുവല്‍ ഇനി വരും നാളുകളിലും മലയാളത്തിലെ സ്ഥിരം സാന്നിധ്യമായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

എ ജോജി സംവിധാനം ചെയ്യുന്ന ഒരു കരീബിയന്‍ ഉടായിപ്പ് എന്ന ചിത്രമാണ് സാമുവലിന്റെ ഏറ്റവും പുതിയ ചിത്രം . ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ക്കുള്ളത്. കാര്‍ത്തികേയന്‍ സിനിമാസിനു വേണ്ടി ആര്‍വികെ നായര്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തില്‍ വിഷ്ണു ഗോവിന്ദ്, വിഷ്ണു വിനയന്‍, മറീന മൈക്കിള്‍, ഋഷി പ്രകാശ്, നിഹാരിക തുടങ്ങി യുവ താര നിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഈ മാസം റിലീസിന് ഒരുങ്ങുന്ന ചിത്രം മികച്ച ക്യാമ്പസ് ചിത്രമാകുമെന്നു പ്രതീക്ഷിക്കാം.

DONT MISS
Top