ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രം രചിച്ച് ടീം ഇന്ത്യ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പരനേടി കോലിയും സംഘവും ചരിത്രം രചിച്ചു. സിഡ്‌നിയില്‍ ഓസീസിനെതിരെ സമനില നേടിയാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മഴമൂലം കളി ഉപേക്ഷിച്ചതോടെയാണ് പരമ്പര സ്വന്തമാക്കിയത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 നാണ് ഇന്ത്യയുടെ വിജയം. മൂന്ന് സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര പരമ്പരയിലെ താരമായി. ഓസ്‌ട്രേലിയയില്‍ ഇന്ത്യ നേടുന്ന ആദ്യവിജയമാണിത്.

ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 നേടിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 300 റണ്‍സ് എത്തിയപ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു. ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസ് വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ആറ് എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്. അഞ്ചാം ദിനം കളി നടക്കാതെ വന്നപ്പോള്‍ മത്സരം സമനിലയായതായി പ്രഖ്യാപിക്കുകയായിരുന്നു.

322 റണ്‍സിന്റെ ലീഡ് ഉയര്‍ത്തിയ ഇന്ത്യക്ക് വിജയം അനായാസമായിരുന്നു. കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടുവീതം വിക്കറ്റും നേടി. ചേതേശ്വര്‍ പൂജാരയുടെ 193 റണ്‍സിന്റെ പിന്‍ബലത്തില്‍ ആദ്യ ഇന്നിംഗ്‌സ് 622 റണ്‍സിന് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഋഷഭ് പന്ത് 159 റണ്‍സും ചേര്‍ത്തുവെച്ചു. മൂന്ന് സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയാണ് കളിയിലേയും പരമ്പരയിലെയും താരം.

DONT MISS
Top