രാഷ്ട്രീയ പ്രവേശനത്തിന്റെ പുതിയ യാത്ര; തെരഞ്ഞെടുപ്പ് മത്സര മണ്ഡലം പ്രഖ്യാപിച്ച് പ്രകാശ് രാജ്‌


രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ച് തമിഴ്‌നടന്‍ പ്രകാശ് രാജ്. കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായിട്ടാണ് അദ്ദേഹം മത്സരിക്കുക. മണ്ഡല പ്രഖ്യാപനം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ബാക്കി തീരുമാനങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘പുതിയ യാത്രയിലേക്കുള്ള പ്രചോദനങ്ങള്‍ക്ക് നന്ദി’ എന്ന ട്വീറ്റിലൂടെയാണ് മത്സര മണ്ഡലം പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് ശേഷം രാഷ്ട്രീയ രംഗത്തെ നിരവധിപ്പേര്‍ പ്രകാശ് രാജിന് പിന്തുണയര്‍പ്പിച്ച് എത്തിയിരുന്നു. ടിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെടി രാമറാവു പിന്തുണയര്‍പ്പിച്ചതിന് പിന്നാലെ പ്രകാശ് രാജ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പുതുവത്സരാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ട്വീറ്റിലൂടെയാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം അറിയിച്ചത്. 2019ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് പ്രകാശ് രാജ് പ്രഖ്യാപിച്ചത്. ‘അബ് കി ബാര്‍ ജനതാ സര്‍ക്കാര്‍’ എന്ന മുദ്രാവാക്യത്തോടെയാണ് താരം അന്ന് ട്വീറ്റ് പങ്കുവെച്ചിരുന്നത്.

രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്കെതിരെ എന്നും ശബ്ദമുയര്‍ത്തിയിട്ടുള്ള തെന്നിന്ത്യന്‍താരമാണ് പ്രകാശ് രാജ്. കേന്ദ്രസര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് കന്നഡ പത്രത്തില്‍ പ്രകാശ് രാജ് എഴുതിയിരുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന കോളം മുന്നറിയിപ്പില്ലാതെ നിര്‍ത്തിലാക്കിയിരുന്നു. രാജ്യത്ത് ഇന്നുള്ളത് അഭിപ്രായ സ്വാതന്ത്ര്യമില്ലായ്മയും അസഹിഷ്ണുതയുമെന്ന് പ്രകാശ് രാജ് പണ്ടേ പ്രതികരിച്ചിരുന്നു. മോദി ഭരണത്തിനെതിരെയും ബിജെപിക്കെതിരെയും താരം നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

പ്രളയ ദുരന്തം നേരിട്ട കേരളത്തെ സഹായിക്കാതെ 3000 കോടി മുതല്‍ മുടക്കില്‍ പ്രതിമ നിര്‍മിച്ച പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാനുള്ള രീതിയിലേക്ക് നാം വളരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

DONT MISS
Top