പയ്യന്നൂരില്‍ ഇലക്ട്രിക്കല്‍ ഷോപ്പിന് തീപിടിച്ചു; അരക്കോടിയുടെ നാശനഷ്ടം

പയ്യന്നൂര്‍: പയ്യന്നൂരിലെ പെരുമ്പയില്‍ ദേശീയപാതയ്ക്കരികില്‍ ഇലക്ട്രിക് ഷോപ്പിന് തീപിടുത്തം. ഇന്ന് രാവിലെ 7.15 ഓടെയാണ് സംഭവം. പെരുമ്പയില്‍ പ്രവര്‍ത്തിക്കുന്ന സോണ ലൈറ്റ്‌സ് ഇലക്ട്രിക്കല്‍ ഉപകരണ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. മുകളിലെത്തെ നിലയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വാഹനയാത്രക്കാരാണ് പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചത്.

പഴയങ്ങാടി മുട്ടം സ്വദേശിയും പെരുമ്പയില്‍ താമസക്കാരനുമായ മൊയ്‌നുദ്ദീന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനമാണ് കത്തി നശിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അസിസ്റ്റന്റ് ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ മൂന്ന് യൂണിറ്റ് ഫയര്‍എഞ്ചിന്‍ എത്തിച്ച് മണിക്കൂറുകളോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ അണച്ചത്.

പയ്യന്നൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. കട പൂര്‍ണ്ണമായും കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം ഇരുനിലകളിലായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനം പൂര്‍ണ്ണമായും കത്തിനശിച്ചു. അരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

DONT MISS
Top