മൂവിസ്ട്രീറ്റിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ശീതള്‍ ശ്യാമിന്


മൂവിസ്ട്രീറ്റിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന്. ആഭാസത്തിലെ മീര എന്ന കളിപ്പാട്ട വില്‍പ്പനക്കാരിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പുരസ്‌കാരം. സമൂഹത്തിലെ അവഗണനയുടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് അഭിനയ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതിനാണ് ശീതളിനെ അവാര്‍ഡ് നല്‍കി ആദരിക്കുന്നതെന്ന് ജൂറി പറഞ്ഞു.

അവളോടൊപ്പം എന്ന ഷോര്‍ട്ട് ഫിലിമിലൂടെ കടന്നുവന്ന ശീതള്‍ നിഴലാട്ടം ഫിലിംഫെസ്റ്റിവെലില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടുകയും ഇന്ത്യയിലാദ്യമായി ഒരു രാജ്യാന്തര ഫെസ്റ്റില്‍ ട്രാന്‍സ് കോളത്തില്‍ എന്‍ട്രി നേടുന്ന വ്യക്തിയായി മാറുകയും ചെയ്തു. പിന്നീട് ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡി എസ്‌കേപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട ശീതള്‍ അഭിനയ രംഗത്തെ പ്രാഗത്ഭ്യം പ്രകടമാക്കി.

ചലച്ചിത്ര പ്രേമികളുടെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പായ മൂവി സ്ട്രീറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് സിനിമാ പുരസ്‌കാരത്തിനാണ് അരങ്ങൊരുങ്ങുന്നത്. 2018 ല്‍ തിയേറ്ററുകളില്‍ എത്തിയ 130ല്‍ അധികം വരുന്ന ചിത്രങ്ങളില്‍ നിന്നും ഇരുപത് വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെടുന്ന വിജയികളെയായിരിക്കും പുരസ്‌കാരം നല്‍കി ആദരിക്കുക. ഗ്രൂപ്പിലെ അംഗങ്ങളുടെ വോട്ടുകള്‍ വഴിയാണ് വിജയികളെ തീരുമാനിക്കുക. പോള്‍ ഫലങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുവാന്‍ അന്തിമ ജൂറി പാനലും ഉണ്ടായിരിക്കും. ഗ്രൂപ്പിന്റെ വെബ്‌സൈറ്റിലാണ് വോട്ടിംഗ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ തീരുമാനിച്ചത് വിദഗ്ധ പാനലാണ്.

പുതിയ പ്രമേയങ്ങളും കഥപറച്ചില്‍ രീതികളും ആസ്വാദനവും എല്ലാം കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ വീണ്ടും പല സിനിമകളായി ഇത്തവണയും വന്നെത്തിയിട്ടുണ്ട്. അവയെ ചരിത്രത്തില്‍ രേഖപ്പെടുത്തുക എന്നത്, ഇനിയുള്ള കാലത്ത് വീണ്ടും നോക്കികാണുവാനായി അടയാളപ്പെടുത്തുക എന്നത് സിനിമയുടെ എല്ലാ തലവും ചര്‍ച്ചയ്ക്ക് വെക്കുന്ന മൂവി സ്ട്രീറ്റ് എന്ന കൂട്ടായ്മയുടെ ഉത്തരവാദിത്വം കൂടിയാണ്. ആ ഉത്തരവാദിത്വമാണ് മൂവി സ്ട്രീറ്റ് അവാര്‍ഡ് എന്ന് ഗ്രൂപ്പിന്റെ അണിയറയിലുള്ളവര്‍ പറയുന്നു. ബഹുസ്വരതയുടെ കഴുത്തില്‍ കത്തികള്‍ വീഴുന്ന കാലത്ത്, സിനിമ പോലും രാജ്യത്ത് പ്രൊപ്പഗാണ്ടയുടെ ഇരയാവുമ്പോള്‍ അതിന് അന്തിമവിധിയെഴുതേണ്ടത് അതേ ബഹുസ്വരതതന്നെയാണ് എന്ന് പ്രഖ്യാപിക്കുകയാണ് മൂവി സ്ട്രീറ്റ് എന്ന കൂട്ടായ്മ.

സിനിമകളെക്കുറിച്ചും സിനിമയുടെ എല്ലാവശങ്ങളേക്കുറിച്ചും തുറന്ന ചര്‍ച്ച സാധ്യമാക്കുന്ന മൂവി സ്ട്രീറ്റ് ഗ്രൂപ്പ് ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്നവേളയിലാണ് രണ്ടാം തവണയും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുവാനൊരുങ്ങുന്നത്. വരുന്ന ഫെബ്രുവരി മാസം മൂന്നാം തിയതിയാകും അവാര്‍ഡ് ദാന ചടങ്ങ് നടക്കുക. എറണാകുളം കലൂരിലെ എജെ ഹാളില്‍വച്ച് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലാകും അവാര്‍ഡ് ദാനം.

DONT MISS
Top