‘ഹാനി’ സിനിമാ പ്രീല്യൂഡ് പുറത്തുവന്നു; യുടൂബിലൂടെ പുറത്തുവിട്ടത് ചിത്രത്തിന്റെ കഥാഭാഗം; മലയാളത്തിലെത്തുന്ന ലക്ഷണമൊത്ത ആദ്യ ഹൊറര്‍ ചിത്രം എന്ന് സൂചനകള്‍

ഹാനി എന്ന ചിത്രത്തിന്റെ പ്രീല്യൂഡ് പുറത്തുവന്നു. ചിത്രത്തിന്റെ കഥയെ സൂചിപ്പിക്കുന്ന ഈ ഭാഗം സാങ്കേതിക മികവില്‍ മുന്നില്‍നില്‍ക്കുന്നു. മികച്ച നിര്‍മാണ നിലവാരം പുലര്‍ത്തുന്ന ഈ ഹ്രസ്വചിത്രം മലയാളത്തില് പുതുമയാണ്. വിഎഫ്എക്‌സ് ഉപയോഗിച്ച ഭാഗങ്ങള്‍ ഇന്ത്യന്‍ ഹ്രസ്വചിത്രങ്ങളില്‍ത്തന്നെ വേറിട്ടുനില്‍ക്കും. വ്യത്യസ്തമായ കഥാപരിസരവും ക്ലീഷേ സന്ദര്‍ഭങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നു. മൊത്തത്തില്‍ ഹോളിവുഡ് നിലവാരം പുലര്‍ത്തുന്ന ഈ ഹ്രസ്വചിത്രത്തിനായി നിരവധി സാങ്കേതിക പ്രവര്‍ത്തകരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

ഹാനി എന്ന ചിത്രത്തിന്റെ ആമുഖം എന്ന നിലയിലാണ് പ്രീല്യൂഡ് പ്രേക്ഷകമനസിലേക്ക് എത്തുന്നത്. എന്നാല്‍ ഒരു ഹ്രസ്വചിത്രം എന്ന നിലയില്‍ തുടക്കവും ഒടുക്കവുമുള്ള ഒരു സ്വതന്ത്ര നിലനില്‍പ്പും പുറത്തുവന്ന ഭാഗത്തിനുണ്ട്.

ഒരു പ്രൊഫസര്‍ തന്റെ അസിസ്റ്റന്റിനോട് വിചിത്രമായ ഒരു സംഭവം വിശദീകരിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. പ്രൊഫസറായി എത്തിയിരിക്കുന്നത് പ്രമുഖ മലയാള താരം സുധി കോപ്പയാണ്. ശരത് ലാല്‍, അഞ്ജലി, കരിഷ്മ , അസീസ് പാലക്കാട് എന്നിവരാണ് ഈ പ്രീല്യൂഡിലെ താരങ്ങള്‍.

മലയാളത്തില്‍ ലക്ഷണമൊത്ത ഹൊറര്‍ ചിത്രമെത്തുന്നില്ല എന്ന് പരാതിപ്പെടുന്നവര്‍ക്കും ഹാനി പ്രതീക്ഷയേകുന്നുണ്ട്. മറ്റ് ഭാഷകളില്‍ ഹൊറര്‍ ഫാന്റസി ചിത്രങ്ങള്‍ വരുമ്പോള്‍ മലയാളം വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. അതുകൊണ്ടുതന്നെ പുതുമകള്‍ പ്രതീക്ഷിക്കുന്ന പ്രേക്ഷകരെയാകര്‍ഷിക്കാന്‍ ഹാനിക്ക് കഴിയുമെന്ന് കരുതാം.

യുടൂബിലൂടെ പുറത്തുവന്ന പ്രില്യൂഡ് താഴെ കാണാം.

അനൂപ് നായര്‍ രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ കീര്‍ത്തി ബസു, എഡിറ്റിംഗ് രഞ്ജിത്ത് പുരുഷോത്തമന്‍. ആത്മന്‍-ഫെബിന്‍-ശ്യാം എന്നിവര്‍ സംഗീതം ചെയ്തപ്പോള്‍ ഗോകുല്‍ ആര്‍ നാഥാണ് സൗണ്ട് ഡിസൈന്‍ ചെയ്തത്. വിഎഫ്എക്‌സ് വിഭാഗം ഫോക്‌സിന്‍ വിഎഫ്എക്‌സിന്റേതാണ്. പൂര്‍ണ ചലച്ചിത്രത്തില്‍ ആരൊക്കെയാകും മറ്റ് താരങ്ങള്‍ എന്നത് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

DONT MISS
Top