‘ഇന്ത്യയില്‍ ഉയരുന്നത് വിദ്വേഷത്തിന്റെ മതിലുകള്‍’; കൊല്ലപ്പെടുന്നത് നിഷ്‌കളങ്കരെന്ന് നസറുദ്ദീന്‍ ഷാ


ദില്ലി: ഇന്ത്യയില്‍ ഉയരുന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകളെന്ന് നസറുദ്ദീന്‍ ഷാ. രാജ്യം കടന്ന് പോകുന്നത് കടുത്ത അരക്ഷിതാവസ്ഥയുടെ പാതയിലാണെന്നും ചോദ്യം ചെയ്യുന്നവരെ നിശ്ശബ്ദരാക്കുന്ന കാലഘട്ടത്തില്‍ അതിനോട് പോരാടേണ്ടതുണ്ടെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. ആംനെസ്റ്റി ഇന്ത്യ പുറത്തുവിട്ട വീഡിയോയിലാണ് ഷാ രാജ്യത്തിന്റെ സ്ഥിതി ഗതികളെക്കുറിച്ച് വിവരിച്ചത്.

ആവിഷ്‌കാര സ്വാതന്ത്ര്യം നഷ്ടമാകുന്ന കാലത്ത്, മാധ്യമ പ്രവര്‍ത്തകരെയും കലാകാരന്മാരെയും അഭിനേതാക്കളെയും പണ്ഡിതരെയും ശ്വാസം മുട്ടിക്കുകയാണ് അധികാര വര്‍ഗം ചെയ്യുന്നത്. രാജ്യത്ത് ഭീതിയും ക്രൂരതയും നിറഞ്ഞിരിക്കുന്നു. അധികാര വര്‍ഗങ്ങള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ നഷ്‌പ്പെടുന്നത് നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവനുകളാണെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.

ഇന്ത്യ ഒരു ജനാതിപത്യ രാഷ്ട്രമാണ്. ഇവിടെ എല്ലാവര്‍ക്കും ആശയങ്ങള്‍ പ്രകടിപ്പിക്കാനും, ആരാധനയ്ക്കും, ചിന്തിക്കാനുമുളള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. അനീതിക്കെതിരെ പൊരുതുന്നവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചമയ്ക്കുകയും അവരുടെ ഓഫീസുകളില്‍ അനാവശ്യ റെയ്ഡുകള്‍ നടത്തുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്.

എവിടെയാണ് നമ്മുടെ ഭരണഘടന ഇന്ന് എത്തിനില്‍ക്കുന്നത്?, വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കാത്ത ഒരു രാജ്യമാണോ നാം സ്വപ്‌നം കണ്ടത്?, ശക്തരായവരുടെ ശബ്ദം മാത്രം കേട്ടാല്‍ മതിയോ?, പാവപ്പെട്ടവര്‍ക്കും ഇവിടെ ജീവിക്കേണ്ടതില്ലെ?.’ നസറുദ്ദീന്‍ ഷാ ചോദിച്ചു.

അനീതിക്കെതിരെയും അഴിമതിക്കെതിരെയും ശബ്ദമുയര്‍ത്തുന്നവരും പൗരാവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരും ചേര്‍ന്നാണ് ഭരണഘടന സംരക്ഷിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top