‘ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയല്ല’ മന്‍മോഹന്‍സിംഗ്, വിജയിച്ച പ്രധാനമന്ത്രിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്

മുംബൈ: മന്‍മോഹന്‍ സിംഗിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി വാദങ്ങളും വിമര്‍ശനങ്ങളും നിലനില്‍ക്കേ മന്‍മോഹന്‍ സിംഗിന് പിന്തുണയുമായി ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. അദ്ദേഹം ഒരു ആക്‌സിഡന്റല്‍ പ്രധാനമന്ത്രി അല്ലെന്നും പ്രധാനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് വിജയമായിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

എന്നാല്‍ സിനിമയില്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും തെറ്റായി ചിത്രീകരിച്ചെന്നാക്ഷേപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സിനിമ പ്രദര്‍ശനത്തിന് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണിക്കണമെന്ന് മഹാരാഷ്ട്രയിലെ  കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു.

ചിത്രത്തില്‍ പ്രമുഖരായ വ്യക്തികളുടെ ഇമേജിന് കോട്ടം തട്ടുന്നതായി ആരോപിച്ച് അഭിഭാഷകനായ സൂധീര്‍ കുമാര്‍ ഓജ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുപം ഖേര്‍, സംവിധായകന്‍, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെ ബീഹാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരുന്നു. ചിത്രത്തില്‍ മന്‍മോഹന്‍ സിംഗായി എത്തുന്നത് അനുപം ഖേറാണ്. ജനുവരി 11 ന് ചിത്രം തിയേറ്ററുകളിലെത്തും.

DONT MISS
Top