‘പെണ്ണ്’ ‘സുന്ദരി’ ആയ കഥ; ഭാര്യ ശാന്തിയുടെ ചെറുകഥ ഹൃസ്വചിത്രമായൊരുക്കി ബിജിബാല്‍

പലരും സ്‌നേഹം പ്രകടിപ്പിക്കുന്നത് പലതരത്തിലാണ്. അകാലത്തില്‍ പൊലിഞ്ഞ് പോയ പ്രിയപത്‌നി ശാന്തിയുടെ ഓര്‍മകളുമായി ജീവിക്കുകയാണ് സംഗീത സംവിധായകന്‍ ബിജിബാല്‍. അടുത്തിടെ ഇറങ്ങിയ അദ്ദേഹത്തിന്റെ പല പ്രൊജക്ടുകളിലും ഭാര്യയുടെ സ്വാധീനം നന്നായി കാണാനും സാധിക്കും. എന്നാല്‍ ഓര്‍മകള്‍ മാത്രം ബാക്കി വെച്ചതില്‍ നിന്ന് ജീവിതത്തെ അതിജീവിപ്പിച്ചെടുക്കുകയാണ് അദ്ദേഹം. ഓര്‍മകള്‍ എല്ലാം എഴുതി താഴിട്ടുപൂട്ടി വെക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ലാ എന്നത് പലപ്പോഴും നമുക്ക് കാണാന്‍ സാധിക്കുന്ന ഒന്നാണ്.

ഭാര്യ ശാന്തി മോഹന്‍ദാസിന്റെ ചെറുകഥയെ ഹൃസ്വചിത്ര രൂപത്തില്‍ അവതരിപ്പിച്ചു കൊണ്ടാണ് ഇത്തവണ ബിജിബാല്‍ എത്തിയിരിക്കുന്നത്. ‘സുന്ദരി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം വളരെ ലളിതവും ഹൃദയസ്പര്‍ശിയുമാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. നര്‍ത്തകി കൂടിയായ ശാന്തി ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ എഴുതിയ കഥയ്ക്ക് മാതൃഭൂമിയുടെ ചെറുകഥാ മത്സരത്തില്‍ അന്ന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.

ബിജിബാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മകള്‍ ദയ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോധി സൈലന്റ് സ്‌കേപ്പ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉണ്ണിമായ എസ് മേനോന്‍, സംഗീത ശ്രീകാന്ത്, നന്ദു കര്‍ത്ത, റോസ് ഷെറിന്‍, അന്‍സാരി തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം പറഞ്ഞുവെക്കുന്നത് പോലെ ‘പെണ്ണ്’.. ‘സുന്ദരി’ ആണ്, എല്ലാ അര്‍ത്ഥത്തിലും.

DONT MISS
Top