മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഹര്‍ത്താല്‍ അനുകൂലികളുടെ അഴിഞ്ഞാട്ടം; ബിജെപിയുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍


തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂല സംഘടനകളായ അയ്യപ്പകര്‍മ്മ സമിതിയും ബിജെപിയും അക്രമം അഴിച്ചു വിട്ടതില്‍ പ്രതിഷേധിച്ച് ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകളുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തക യൂണിയന്‍. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയുടെയും കോഴിക്കോട് കെ സുരേന്ദ്രന്റെയും വാര്‍ത്താസമ്മേളനമാണ് മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചത്.

കെപി ശശികലയുടെ വാര്‍ത്താസമ്മേളനം അനുവദിക്കില്ലെന്ന് കോട്ടയം പ്രസ്സ് ക്ലബ്ബും അറിയിച്ചു. ആര്‍എസ്എസ്-ബിജെപി അക്രമത്തിനെതിരായ മാധ്യമപ്രവര്‍ത്തകരുടെ പ്രതിരോധമാണ് ബഹിഷ്‌കരണം. സംഘര്‍ഷാവസ്ഥകള്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകരായ പ്രസാദിനെയും ഷാജിലയെയും ശ്രീധര്‍ലാലിനെയും ഹര്‍ത്താല്‍ അനുകൂലികള്‍ വളഞ്ഞിട്ടു തല്ലുന്നത് സോഷ്യല്‍ മീഡിയകളിലടക്കം വാര്‍ത്തയായിരുന്നു. റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറയുകയും കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ ആഞ്ഞടിക്കുമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ അനുകൂല സംഘടനകളുടെ പ്രവര്‍ത്തികള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകരടക്കം സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കടുത്ത അമര്‍ഷമാണ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

DONT MISS
Top