മുന്നേ സഞ്ചരിച്ച മനുഷ്യത്വം; ആംബുലന്‍സിന്‍ വഴിതെളിച്ച പൊലീസ് ഉദ്യോഗസ്ഥന് സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം


കഴിഞ്ഞ ദിവസം കോട്ടയം ടൗണില്‍ ഗതാഗത കുരുക്കില്‍ വഴിമുടങ്ങിക്കിടന്ന ആംബുലന്‍സിന് വഴികാട്ടിയ ദൃശ്യങ്ങള്‍ വൈറലായതിനുപിന്നാലെ സിവില്‍ പൊലീസ് ഓഫീസര്‍ രണ്ജിത്ത് കുമാറിനെ തേടി സിനിമാ അവസരം. വൈറല്‍ 2019 എന്ന മലയാള ചിത്രത്തിലാണ് രഞ്ജിത്ത് കുമാര്‍ വേഷമിടുക.

ആംബുലന്‍സിന്റെ മുന്നില്‍ വഴി കാണിച്ച് ഓടുന്ന രഞ്ജിത്ത് കുമാറിന്റെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു . ഇത് കണ്ടപ്പോള്‍ തന്നെ യഥാര്‍ഥ ജീവിതത്തിലെ ഈ നായകന് തന്റെ സിനിമയില്‍ അവസരം കൊടുക്കണമെന്ന് നൗഷാദ് ആലത്തൂര്‍ എന്ന നിര്‍മ്മാതാവ് തീരുമാനിക്കുകയായിരുന്നു. ആടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് നൗഷാദ് ആലത്തൂര്‍

സമൂഹമാധ്യമങ്ങളില്‍ വൈറലായ വ്യക്തികളെയും സംഭവങ്ങളെയും കേന്ദ്രമാക്കിയൊരുക്കുന്ന ചിത്രത്തില്‍, ജീവിക്കാനായി മീന്‍ വില്‍ക്കേണ്ടി വന്ന വിദ്യാര്‍ത്ഥിനി ഹനാനെയാണ് ആദ്യം കാസ്റ്റ് ചെയ്തത്. പിന്നീട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് തലേന്ന് അപകടത്തില്‍ കാലൊടിഞ്ഞ സൗഭാഗ്യ എന്ന പ്ലസ് വണ്‍കാരിയും ജന്മനാ രണ്ടു കൈകളുമില്ലാത്ത, ഒരു സ്വകാര്യ ചാനലില്‍ കാലുകള്‍കൊണ്ട് ചിത്രം വരച്ചു ഗാനം ആലപിച്ചു വൈറല്‍ ആയി മാറിയ പ്രണവ്, പട്ടുറുമാല്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ ഹസ്‌ന, ഉലകനായകന്‍ കമല്‍ഹാസന്‍ നേരിട്ട് അഭിനന്ദിച്ച ഉണ്ണി ആര്‍ എന്ന അനുഗ്രഹീത ഗായകന്‍ എന്നിവരേയും ചിത്രത്തിലേക്ക് തെരഞ്ഞെടുത്തു.

തന്റെ മകന്റെ ചികിത്സക്ക് വഴിയില്ലാതെ ബുദ്ധിമുട്ടിയ സീരിയല്‍ സിനിമാ താരം സേതുലക്ഷ്മി ചേച്ചിക്കും ചിത്രത്തില്‍ ഒരു വേഷവും ധനസഹായവും അദ്ദേഹം നല്‍കി.സ്വന്തം മകന്‍ മരണപെട്ടപ്പോള്‍ മരണത്തിന്റെ അന്ത്യ കര്‍മ്മ ചടങ്ങില്‍ മറ്റുള്ളവര്‍ ഈറനണിഞ്ഞപ്പോളും അവരെ ആശ്വാസവാക്കുകളോടെ പ്രസംഗം നടത്തിയ മറിയാമ്മ ടീച്ചര്‍ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീട് അത് മറ്റു പത്രങ്ങളും ചാനലുകളും ഏറ്റടുത്തിരുന്നു. മറിയാമ്മ ടീച്ചര്‍ എഴുതിയിരുന്നു ഒരു പാട്ടും പ്രേക്ഷക പ്രശംസ നേടിയിരുന്നു ടീച്ചറും ഈ സിനിമയില്‍ ഒരു ഗാനം എഴുതുന്നുണ്ട്. ഇതോടൊപ്പം തന്നെ രാജഹംസമേ എന്ന ഒറ്റ പാട്ടോടു കൂടി ശ്രദ്ധിക്കപ്പെട്ട പിന്നീട് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ ഗായിക ചന്ദ്രലേഖ ഈ ചിത്രത്തില്‍ ഒരു ഗാനം പാടുന്നുണ്ട്. ആകാശ മിഠായി എന്ന ചിത്രത്തിലെ അവിസ്മരണീയ ഗാനത്തിലൂടെ മലയാളികളുടെ ഇഷ്ട ഗായകനായ അഭിജിത്തും ചേര്‍ന്ന് മറിയാമ്മ ടീച്ചറുടെ ഗാനം ആലപിക്കും. തിരഞ്ഞെടുക്കുന്നവര്‍ കൂടാതെ സിനിമ മേഖലയിലെ പ്രമുഖരും സിനിമയില്‍ അഭിനയിക്കും.

എട്ട് നവാഗത സംവിധായകര്‍ ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവിധായകരെയും തിരകഥാകൃത്തിനേയും തിരഞ്ഞെടുത്തതും സമൂഹമാധ്യമത്തിലെ ജനകീയ വോട്ടെടുപ്പിലൂടെയാണ്. ചിത്രത്തിലെ അഭിനേതാക്കളെ തിരഞ്ഞുകൊണ്ടുള്ള ഒഡിഷന്‍ ഉടന്‍ ഉണ്ടാകും. ഫെബ്രുവരി മൂന്നിന് അങ്കമാലി ഡീപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നടക്കുന്ന ആദ്യ ഓഡിഷന്‍ 16 വയസിനും 50 വയസിനും ഇടയിലുള്ള പുരുഷന്മാര്‍ക്ക് വേണ്ടി മാത്രമായിരിക്കും , ഫെബ്രുവരി 10 ന് ബാംഗ്ലൂര്‍ ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷനില്‍ നടക്കുന്ന ഓഡിഷനില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാം, ഫെബ്രുവരി 17ന് എറണാകുളം കലൂര്‍ ഐ എം എ ഹാളില്‍ വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമായി ഒഡീഷന്‍ നടക്കും.

ചിത്രത്തിലെ നായികാ നായകന്മാരാടക്കം മറ്റു കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും നടത്തുന്ന ഓഡിഷനിലൂടെ തെരഞ്ഞെടുക്കുന്നവരുടെ പെര്‍ഫോമന്‍സ് വീഡിയോ വൈറല്‍ 2019 ന്റെ ഒഫീഷ്യല്‍ പേജില്‍ അപ്‌ലോഡ് ചെയ്യുകയും പിന്നീട് ജനകീയ വോട്ടെടുപ്പിലൂടെ വിജയികളെ തീരുമാനിക്കുകയും ആണ് ചെയ്യുക.

DONT MISS
Top