ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ വീടിന് മുന്നില്‍ പൊലീസ് സുരക്ഷ ഒരുക്കി

കോഴിക്കോട്: ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ വീടിന് മുന്നില്‍ പോലീസ് സുരക്ഷ ഒരുക്കി. അക്രമസാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. യുവതീ പ്രവേശനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായി പ്രതിഷേധി്ച്ചു. ഈ സര്‍ക്കാറില്‍ നിന്നും വിശ്വാസികള്‍ക്ക് നീതി ലഭിക്കില്ലെന്നും ബിജെപി പ്രതികരിച്ചു.

ശബരിമലയില്‍ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് യുവതികള്‍ പ്രവേശനം നടത്തിയത്. കോഴിക്കോട് പൊയില്‍കാവ് സ്വദേശി ബിന്ദുവും മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയുമാണ് സന്നിധാനത്ത് എത്തിയത്. ഈ വിവരം പുറത്തറിഞ്ഞതോടെയാണ് ഇവരുടെ വീടിന് മുന്നില്‍ പൊലീസ് സുരക്ഷ ഒരുക്കിയത്.

കഴിഞ്ഞ മാസം 24ന് ഇവര്‍ ദര്‍ശനത്തിനായി എത്തിയപ്പോള്‍ ഇവരുടെ വീടിന് മുന്നില്‍ നാമജപ പ്രതിഷേധം നടന്നിരുന്നു. ഈ സാഹചര്യത്തില്‍ അക്രമസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പൊലീസ് നടപടി. കനക ദുര്‍ഗയുടെ വീട്ടിലുള്ളവരെ പൊലീസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ കനകദുര്‍ഗയുടെ നടപടിയോട് യോജിപ്പില്ലെന്നാണ് സഹോദരന്റെ നിലപാട്.

കഴിഞ്ഞ പ്രാവശ്യം ശബരിമലക്ക് പോയതിന് ശേഷം ഇവരെ കുറിച്ച് വിവരമില്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും ഇയാള്‍ പറഞ്ഞു. അതേ സമയം വനിതാമതിലില്‍ പങ്കെടുത്തവരെ വഞ്ചിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അയ്യപ്പഭക്തരുടെ മനസ്സില്‍ മുറിവേറ്റുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഭരണകൂടത്തിന്റെ കൊലച്ചിരി വിശ്വാസികള്‍ തിരിച്ചറിയും. സമചിത്തത കൈവിടാതെ ശക്തമായി പ്രതികരിക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. അക്രമസാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് പൊലീസ്.

DONT MISS
Top