ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി രണ്ട് യുവതികള്‍

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍. കോഴിക്കോട് സ്വദേശിയായ ബിന്ദുവും മലപ്പുറം സ്വദേശിയായ കനകദുര്‍ഗയുമാണ് തങ്ങള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി എന്ന് അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെ തങ്ങള്‍ ദര്‍ശനം നടത്തി എന്നാണ് യുവതികള്‍ പറയുന്നത്. പൊലീസ് ഇവര്‍ക്ക് മഫ്തിയില്‍ സുരക്ഷ നല്‍കി.

പതിനെട്ടാംപടി ഒഴിവാക്കി വിഐപി ലോഞ്ച് വഴിയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. പമ്പയില്‍ എത്തിയതിനു ശേഷമാണ് യുവതികള്‍ പൊലീസിന്റെ സുരക്ഷ ആവശ്യപ്പെട്ടത്. 1.30 ഓടെയാണ് പമ്പയില്‍ നിന്നും പുറപ്പെട്ടത്. മൂന്നേമുക്കാലോട് ദര്‍ശനം നടത്തി യുവതികള്‍ തിരിച്ച് മല ഇറങ്ങുകയും ചെയ്തു. യുവതികള്‍ ദര്‍ശനം നടത്തി എന്ന് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും എന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ തവണ ദര്‍ശനത്തിന് എത്തിയ കനകദുര്‍ഗയും ബിന്ദുവും പ്രതിഷേധക്കാര്‍ തടഞ്ഞതുമൂലം ദര്‍ശനം സാധിക്കാതെ മടങ്ങുകയായിരുന്നു. വലിയ പ്രതിഷേധമാണ് ഇവര്‍ക്ക് നേരെ ഉണ്ടായത്. പ്രതിഷേധക്കാര്‍ ഇരുവരുടെയും വീടിനു നേരെയും അക്രമം നടത്തിയിരുന്നു.

DONT MISS
Top