ആലപ്പാട്; കരിമണല്‍ ഖനനത്തിന്റെ കറുത്ത മുഖമായി ഭൂപടത്തിലില്ലാതാവുന്നൊരിടം


കൊല്ലം: കേരളീയ ജനത പ്രളയ ദുരന്തത്തില്‍ നിന്ന് തിരിച്ചെത്തിയിട്ട് അധിക കാലമൊന്നുമായിട്ടില്ല. ആ ദുരന്തമുഖത്ത് നിന്ന് നമുക്ക് കൈത്താങ്ങായ ആരെയും നാം മറന്നിട്ടുമില്ല. രക്ഷാപ്രവര്‍ത്തനത്തിന് ശരീരവും മനസ്സും ഒരുപോലെ കൊടുത്തിറങ്ങിയ മത്സ്യത്തൊഴിലാളികളെ മറക്കാന്‍ ഒരിക്കലും കഴിയുകയുമില്ല. നമുക്ക് താങ്ങായെത്തിയ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കാണാന്‍ കണ്ണെത്തുന്നില്ലാ എന്നത് മറ്റൊരു വിരോധാഭാസവുമാണ്.

കൊല്ലം കരുനാഗപ്പള്ളിയിലെ കടല്‍ത്തീര പ്രദേശമാണ് ആലപ്പാട്. 60 വര്‍ഷമായി തുടരുന്ന കരിമണല്‍ ഖനനം മൂലം ഈ പ്രദേശം ഇന്ന് ഭൂപടത്തില്‍ നിന്ന് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മാറി മാറി വരുന്ന സര്‍ക്കാരുകളോ മാധ്യമങ്ങളോ ഒന്നും തന്നെ ഇവരുടെ വേദന ഏറ്റെടുത്തില്ല.

1955ല്‍ ലിത്തോ മാപ്പിന്റെ കണക്കനുസരിച്ച്, 89.5 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് പ്രദേശം ഇന്ന് വെറും 7.9 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമായി നാമാവശേഷമായി മാറിക്കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിലൂടെ പല കമ്പനികളും ആലപ്പാടിന്റെ ഹൃദയ ഖനിയെ ചൂഴ്ന്ന് കൊണ്ടേയിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്(ഐആര്‍ഇഎല്‍), കേരളാ മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്(കെഎംഎംഎല്‍) എന്നീ കമ്പനികള്‍ വര്‍ഷങ്ങളായുള്ള ഖനനത്തിലൂടെ ആ നാടിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഖനനം ഏറുന്നതിനനുസരിച്ച് കടല്‍ കരയിലേക്ക് കയറി കിടപ്പാടം വരെ നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇവിടെയുള്ളവര്‍ . പ്രദേശവാസികള്‍ ഇതിനെതിരെ പലതവണ പരാതി നല്‍കിയെങ്കിലും ആരും ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് ഈ നവംബര്‍ ഒന്നു മുതല്‍ ജനങ്ങള്‍ സമരം ശക്തമാക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം സമരമുഖത്ത് നിരന്നു. നിരവധി സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. എന്നാല്‍ അതൊന്നും കേള്‍ക്കേണ്ടവരാരും കേട്ടില്ല. സമരം നടത്തിയ പലരെയും ജയിലിലടച്ചും വെടിവെച്ചും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണുണ്ടായത്.

ആയിരക്കണക്കിന് പ്രദേശവാസികളെയാണ് ഇവിടെനിന്ന് കുടിയൊഴിപ്പിച്ചു കൊണ്ടിരിക്കുന്നത്. ലാഭം കൊയ്യുന്ന ഖനിക്കമ്പനികള്‍ അതീജീവനത്തിനായി കൈനീട്ടുന്ന ഈ മുഖങ്ങളെയൊന്നും കണ്ടില്ല. ഖനനത്തിന്റെ ലാഭം ശരിക്കും അനുഭവിക്കുന്നത് വിദേശ കമ്പനികളും ഏജന്റുകളുമാണ്.

ഖനനം തീരദേശ ഗ്രാമങ്ങളുടെ നിലനില്പിനെത്തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. 2004ല്‍ സുനാമി വന്ന സമയത്ത് കേരളത്തിന്റെ ദുരന്തമുഖമായിരുന്നു ഈ പ്രദേശം. അനിയന്ത്രിതമായ കരിമണല്‍ ഖനനത്തിലൂടെ കടല്‍ കര കയറി ദുരന്തം വിതച്ചു കൊണ്ടേയിരുന്നു. പ്രകൃതിക്കും മത്സ്യസമ്പത്തിനും തീരദേശ വാസികള്‍ക്കും ഒരുപോലെ ദൂഷ്യമായ ഈ വിപത്തിനെതിരെ ചൂണ്ടുവിരല്‍ ഉയരാത്തത് എന്തുകൊണ്ടെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

DONT MISS
Top