റാസല്‍ ഖൈമയില്‍ രക്ഷാപ്രവര്‍ത്തന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് മരണം

ദുബായ്: റാസല്‍ ഖൈമയിലെ മലനിരകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മൂന്ന് രക്ഷാപ്രവര്‍ത്തകരും ഒരു രോഗിയുമാണ് മരിച്ചത്.

രോഗിയെ ആശുപത്രിയിലേക്ക് എത്തിക്കവെയാണ് നാഷ്ണല്‍ ആംബുലന്‍സിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. യുഎഇ സമയം വൈകീട്ട് ആറോടെയാണ് സംഭവം. നിയന്ത്രണംവിട്ട ഹെലികോപ്റ്റര്‍ യുഎഇയിലെ ഏറ്റവും വലിയ പര്‍വ്വതനിരയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മലയിലെ സിപ് ലൈനില്‍ തട്ടുകയും തകരുകയുമായിരുന്നെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹുമൈദ് അല്‍ സാബി, ജാസിം അല്‍ തുനൈജി, സഖര്‍ അല്‍ യമാഹി എന്നീ യുഎഇ സ്വദേശികളും മാര്‍ക് ടി ആള്‍ സാബി എന്ന വിദേശിയുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തെ സംബന്ധിച്ച വിവരങ്ങള്‍ക്കായി വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

.

DONT MISS
Top