‘വനിതാ മതില്‍ വര്‍ഗീയ മതില്‍’; വനിതാമതിലിനെതിരായ പോസ്റ്ററുകളുമായി മാവോയിസ്റ്റുകള്‍

മലപ്പുറം: വനിതാ മതിലിനെതിരായ പോസ്റ്ററുകളുമായി മാവോയിസ്റ്റുകള്‍ മലപ്പുറത്ത്. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. വഴിക്കടവിന് സമീപമാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലയുടെ പേരിലാണ് പോസ്റ്ററുകള്‍.

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ വേണ്ട രീതിയില്‍ സംരക്ഷണം നല്‍കിയില്ലായെന്നും പോസ്റ്ററില്‍ പറയുന്നു. അതോടൊപ്പം സ്ത്രീകളെ മല ചവിട്ടിക്കില്ലെന്ന ആര്‍എസ്എസിന്റെ നിലപാട് പഴഞ്ചന്‍ ചിന്താഗതിയെന്നും മാവോയിസ്റ്റുകള്‍ പോസ്റ്ററില്‍ എഴുതി.

മൂലധന ശക്തികള്‍ക്കു വേണ്ടി ഭരണകൂട ഭീകരത അഴിച്ചു വിടുന്ന ബ്രാഹ്മണിക്കല്‍-ഹിന്ദുത്വ ഫാസിസത്തിനെതിരെ ഒരുമിക്കണമെന്നും പോസ്റ്ററുകള്‍ വഴി മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തു. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം പതിവായതോടു കൂടി തണ്ടര്‍ ബോള്‍ട്ട് സ്ഥലത്ത് കര്‍ശന നിരീക്ഷണം ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ മാവോയിസ്റ്റുകള്‍ തോക്കുകളേന്തി പ്രകടനം നടത്തിയിരുന്നു. വനിതാ മതിലിനെതിരായി തന്നെയാണ് മാവോയിസ്റ്റുകള്‍ കണ്ണൂരില്‍ പ്രകടനം നടത്തുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

DONT MISS
Top