സുഡാനില്‍ സര്‍ക്കാര്‍ റൊട്ടിക്ക് വിലക്കൂട്ടി; പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

സുഡാന്‍: സുഡാനില്‍ പ്രതിഷേധക്കാരും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 19 പേര്‍ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. 219 പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയപ്പോഴായിരുന്നു സേനയുടെ ആക്രമണം ഉണ്ടായത്. റൊട്ടിയുടെ വില മൂന്നിരട്ടിയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.

ഡിസംബര്‍ 19 ന് തുടങ്ങിയ പ്രതിഷേധങ്ങളില്‍ ഖാര്‍ത്തിലും മറ്റു പല നഗരങ്ങളിലുമായി എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. സുഡാനിലെ സാമ്പത്തിക സ്ഥിതിക്കെതിരേയും പ്രസിഡന്റ് ഒമര്‍ അല്‍ബഷീര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം പ്രതിഷേധിക്കുന്നുണ്ട്. ഇതിനെ പിന്തുണച്ച് ഡോക്ടര്‍മാരും പത്രപ്രവര്‍ത്തകരും സമരം ആരംഭിച്ചു.

തലസ്ഥാനത്തെ പല ഭാഗങ്ങളിലും സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇതിനിടെ സുഡാന്‍ സന്ദര്‍ശിച്ച ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി സമീ ഷൂക്കറെ പ്രസിഡന്റ് ബഷീറിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനും പിന്തുണ പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യം സുഡാന്‍ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് വസതിയില്‍ ബഷീറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.2017 ഒക്ടോബറില്‍ അമേരിക്ക സുഡാനുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനെതുടര്‍ന്ന് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതിന് പിന്നാലെയാണ് ജനങ്ങളുടെ പ്രതിഷേധം.

DONT MISS
Top