ഈജിപ്തിലെ പിരമിഡുകള്‍ക്ക് സമീപം ടൂറിസ്റ്റ് ബസില്‍ സ്‌ഫോടനം; നാല് പേര്‍ മരിച്ചു; 12 പേര്‍ക്ക് പരുക്ക്

ഈജിപ്തിലെ പിരമിഡുകള്‍ക്ക് സമീപം സ്‌ഫോടനം. നാല് പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. വിനോദ സഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസിലാണ് പിരമിഡുകള്‍ക്ക് സമീപത്ത് വെച്ച് പൊട്ടിത്തെറിയുണ്ടായത്. മരിച്ചവരില്‍ മൂന്ന് പേര്‍ വിനോദ സഞ്ചാരത്തിനെത്തിയവരും ഒരാള്‍ ഈജിപ്ത് സ്വദേശിയായ ടൂറിസ്റ്റ് ഗൈഡുമാണ്.

ബസ് കടന്നുപോയ സമയത്ത് റോഡരികില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വിയ്റ്റ്‌നാം സ്വദേശികളുമായി വിനോദ സഞ്ചാരത്തിനെത്തിയ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌ഫോടനം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും അക്രമണത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ തന്നെയാവാം എന്ന സംശയത്തിലാണ് പൊലീസ്.

അതേസമയം വിനോദ സഞ്ചാരികളുമായെത്തിയ ടൂറിസ്റ്റ് ബസ് സുരക്ഷാ ഏജന്‍സികളെ വിവരമറിയിക്കാതെയാണ് സ്‌ഫോടനമുണ്ടായ റോഡിലൂടെ കടന്നുപോയതെന്ന് ഈജിപ്ത് പ്രധാനമന്ത്രി പ്രതികരിച്ചു. ക്രിസ്മസ് പ്രമാണിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായിരിക്കുന്നത്.

DONT MISS
Top