‘പാരിസ് പാരിസ്’ ട്രെയ്‌ലറിനെതിരെ സദാചാര പൊലീസ്; ഹിന്ദിയില്‍ ഉണ്ടാകാത്ത പ്രശ്‌നം തമിഴില്‍ എന്തിനെന്ന് സംവിധായകന്‍

കാജല്‍ അഗര്‍വാള്‍ പ്രധാന വേഷത്തിലെത്തുന്ന പാരിസ് പാരിസ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും സംവിധായകനുമെതിരെ സദാചാരവാദികളുടെ സൈബര്‍ ആക്രമണം. കാജല്‍ അഗര്‍വാളിന്റെ മാറിടത്തില്‍ കടന്നുപിടിക്കുന്ന ഒരു രംഗമാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്. തമിഴ് പാപ്പരാസി ചാനലുകളും ഇത് ഏറ്റുപിടിച്ചതോടെ സംവിധായകന്‍ രംഗത്തെത്തി.

ട്രെയ്‌ലറില്‍ മോശമായി യാതൊന്നുമില്ല. ഹിന്ദി ചിത്രത്തല്‍ ഉള്ളത് അതേപടി പകര്‍ത്തുകമാത്രമാണ് ചെയ്തത്. ഹിന്ദിയില്‍ അന്ന് ഉണ്ടാകാത്ത വിവാദമെങ്ങനെയാണ് ഇപ്പോള്‍ ഉണ്ടാകുന്നത്? സംവിധായകന്‍ രമേശ് അരവിന്ദ് ചോദിക്കുന്നു.

കാജലിനെപ്പോലെ ഒരു താരത്തെ എന്തിന് ഈ രംഗം ചെയ്യാന്‍ തെരഞ്ഞെടുത്തു എന്ന വിചിത്രമായ ചോദ്യം മുതല്‍ സംവിധായകന്‍ പ്രമോഷനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തയാളാണെന്നുവരെ വിവാദത്തിന് തിരികൊളുത്തിയവര്‍ പറയുന്നു. എന്നാല്‍ രംഗത്തിന് എന്താണ് പ്രശ്‌നം എന്ന് വസ്തുതാപരമായി ആരും വിശദമാക്കിയിട്ടില്ല. സംസ്‌കാര പ്രശ്‌നം ആരോപിച്ചും കമന്റുകളുണ്ട്.

ക്വീന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമെയ്ക്കാണ് പാരിസ് പാരിസ്. ക്വീനിലെ അഭിനയത്തിന് കങ്കണ റൗനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. നിരൂപക ശ്രദ്ധയാകര്‍ഷിച്ച ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടവും നേടുകയുണ്ടായി.

DONT MISS
Top