എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനായൊരുങ്ങി ടീം ഇന്ത്യ; 23 അംഗ ടീമിനെ പ്രഖ്യാപിച്ചു

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനായി ഇന്ത്യന്‍ ടീം സജ്ജമായി കഴിഞ്ഞു. മത്സരത്തിനായി 23 അംഗ അന്തിമ ടീമിനെ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ചു. 28 അംഗ സാധ്യതാ പട്ടികയില്‍ നിന്നുമാണ് അന്തിമ ടീമിനെ തെരഞ്ഞെടുത്തത്. ടീമില്‍നിന്ന് ഒഴിവാക്കിയ അഞ്ചുപേര്‍ ജനുവരി രണ്ടുവരെ യുഎഇയില്‍ തുടരുമെന്നും കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

പ്രതിരോധത്തിലും മധ്യനിരയിലും കളഇക്കുന്ന അനസ് എടത്തോടികയും ആഷിഖ് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍. ഗ്രൂപ്പ് എയിലുള്ള ഇന്ത്യയുടെ ആദ്യ എതിരാളികള്‍ തായ്‌ലന്‍ഡാണ്. ജനുവരി ആറിനാണ് മത്സരം. ഇതിനുശേഷം 10ന് ആതിഥേയരായ യുഎഇയെയും 14ന് ബഹ്‌റൈനെയും നേരിടും.

ഗോള്‍ കീപ്പര്‍മാരായി ഗുര്‍പ്രീത്‌സിങ് സന്ധു, വിശാല്‍ കെയ്ത്, അമരീന്ദര്‍സിങ് എന്നിവര്‍ ടീമിലുണ്ട്. പ്രതിരോധ നിരയില്‍ പ്രീതം കോട്ടല്‍, സര്‍തക് ഗൊലൂയി, സന്ദേശ് ജിങ്കന്‍, അനസ് എടത്തോടിക, സലാം രഞ്ജന്‍സിംഗ്, സുഭാശിഷ് ബോസ്, നാരായണ്‍ ദാസ് എന്നിവരും മധ്യനിരയില്‍ ഉദാന്തസിംഗ്, ജാക്കിചന്ദ്‌സിംഗ്, ജെര്‍മന്‍പ്രീത്‌സിംഗ്, പ്രണോയ് ഹാള്‍ദെര്‍, അനിരുദ്ധ് ഥാപ്പ, വിനീത് റായ്, റൗളിന്‍ ബോര്‍ജെസ്, ആഷിഖ് കുരുണിയന്‍, ഹാളിചരണ്‍ നര്‍സാറി എന്നിവരും കളിക്കളത്തിലിറങ്ങും. മുന്നേറ്റ നിരയില്‍ ജെജെ ലാല്‍പെഖുല, സുമീത് പാസി, ബല്‍വന്ത്‌സിങ്, സുനില്‍ ഛേത്രി എന്നിവരും അടങ്ങിയ സമ്പന്നമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

DONT MISS
Top