“അതെനിക്കറിയാമായിരുന്നു, എന്നിട്ടും ഞാന്‍ തടഞ്ഞില്ല”, പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മനസുതുറന്ന് സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

പന്തുചുരണ്ടല്‍ വിവാദമുണ്ടായി മാസങ്ങള്‍ക്കുശേഷം വിഷയത്തില്‍ മനസുതുറന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വിവാദത്തിന് ശേഷം ആദ്യമായി സ്മിത്ത് മാധ്യമങ്ങളെ കണ്ടു. തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ച അദ്ദേഹം തുറന്നുപറഞ്ഞു.

ഡ്രസിംഗ് റൂമില്‍ വച്ച് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിക്കുന്നതിനേക്കുറിച്ച് സംസാരിച്ചിരുന്നു. അത് താന്‍ കേട്ടു. എന്നാല്‍ അതിലൊന്നും ഇടപെടുന്നില്ല എന്നമട്ടില്‍ താന്‍ നടന്നുപോയി. ആ സമയത്ത് അങ്ങനെ ചെയ്യാനാണ് തോന്നിയതും. അത് തന്റെ തോല്‍വിയായിരുന്നു. പ്രത്യേകിച്ചും ക്യാപ്റ്റന്‍ എന്ന നിലയില്‍ താന്‍ പരാജയമായി എന്നും സ്മിത്ത് പറഞ്ഞു.

“പന്തില്‍ കൃത്രിമം കാട്ടിയത് തടയാന്‍ എനിക്ക് സാധിക്കുമായിരുന്നു. എന്നാല്‍ അത് ഞാന്‍ ചെയ്തില്ല. വലിയ വീഴ്ച്ചയാണ് സംഭവിച്ചത്. അതുകൊണ്ടാണ് ഇത് വലിയ പ്രശ്‌നമായപ്പോള്‍ നടന്നതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തത്. അത്തരമൊരു തെറ്റ് മേലില്‍ ഉണ്ടാകില്ല”, സ്മിത്ത് പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ഓസിസ് താരങ്ങളുടെ കാപട്യം കയ്യോടെ പിടികൂടിയത്. താത്കാലികമായി ഒരു മത്സരത്തില്‍നിന്നും സ്മിത്തിനേയും വാര്‍ണറേയും ബാന്‍ക്രോഫ്റ്റിനേയും ഐസിസി വിലക്കിയിരുന്നു.

പിന്നീട് സ്മിത്തിനും വാര്‍ണര്‍ക്കും ഒരുവര്‍ഷം വിലക്ക് മാത്രം ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കിയപ്പോള്‍ ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം മാത്രമാണ് വിലക്ക് ലഭിച്ചത്. സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തിന്റെ തിളക്കം ബാന്‍ക്രോഫ്റ്റ് കളയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കരിയര്‍ തന്നെ അവസാനിച്ചേക്കാവുന്ന ഗുരുതരമായ തെറ്റാണ് നിസ്സാര ശിക്ഷ നല്‍കി ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒതുക്കിയത്.

DONT MISS
Top