കോഴിക്കോട് നഗരത്തിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകുന്നു; മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം 28 ന്

കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമൊരുങ്ങുന്നു. ദേശീയപാത 66 ല്‍ വെങ്ങളം രാമനാട്ടുകര ബൈപ്പാസിലെ രണ്ട് മേല്‍പ്പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. 125 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മിച്ച പാലങ്ങള്‍ ഈ മാസം 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.

വെങ്ങളത്തിനും രാമനാട്ടുകരക്കുമിടയില്‍ 2016 മാര്‍ച്ചിലാണ് പാലം നിര്‍മാണം ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂമി കണ്ടെത്തിയതിനാല്‍ കാലംതാമസം കൂടാതെയായിരുന്നു പ്രവൃത്തി. 12 മീറ്ററിലാണ് നിര്‍മാണം. തൊണ്ടായാട്ടെ മേല്‍പ്പാലത്തിന് 51.41 കോടിയും രാമനാട്ടുകാരയിലേതിന് 74 കോടിയുമാണ് എസ്റ്റിമേറ്റ്. 18 സ്പാനുകളായി 474 മീറ്ററിലാണ് തൊണ്ടായാട് പാലം. 440 മീറ്റര്‍ നീളം വരുന്ന രാമനാട്ടുകര മേല്‍പ്പാലത്തിന് 14 സ്പാനുകളാണുള്ളത്. പാലത്തിനു താഴെ 5.5 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുകളും സജ്ജമാക്കിയിട്ടുണ്ട്. എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ചാണ് വൈദ്യൂതീകരിച്ചിരിക്കുന്നത്. ദേശീയ പാത ആറുവരിയാക്കുന്നതോടെ മറ്റൊരു മേല്‍പ്പാലവും ഇവിടെ നിലവില്‍ വരും.

പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗം രൂപകല്പന ചെയ്ത പാലത്തിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു. രണ്ട് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ അനുബന്ധ വകുപ്പുകള്‍ തൂണുകളും ലൈനുകളും നീക്കാന്‍ വൈകിയതോടെ കൃത്യസമയത്തിനകം പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ആറുമാസം കഴിഞ്ഞാണ് പാലത്തിന്റെ ഉദ്ഘാടനം നടക്കാന്‍ പോകുന്നത്.

DONT MISS
Top