ലോകത്തെ എറ്റവും സ്വാധീനമുള്ള 25 കൗമാരക്കാരുടെ പട്ടികയില്‍ മലയാളി പെണ്‍കുട്ടിയും

ഹുസ്റ്റണ്‍: ടൈം മാഗസിന്റെ ലോകത്തെ എറ്റവും സ്വാധീനമുള്ള 25 കൗമാരക്കാരുടെ പട്ടികയില്‍ മലയാളി പെണ്‍കുട്ടിയും. ബ്രിട്ടീഷ് ഇന്ത്യന്‍ വംശജയായ അമിക ജോര്‍ജാണ് ടൈം മാഗസിന്റെ പട്ടികയില്‍ ഇടം നേടിയത്. രാജ്യത്തെ ദരിദ്രര്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ഫ്രീ പിരിയഡ്‌സ് ഹാഷ് ടാഗ് പരിപാടിയാണ് അമികയെ പ്രശസ്തയാക്കിയത്.

ആര്‍ത്തവ സമയത്ത് സാനിറ്ററി പാഡ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്‌കൂളില്‍ പോകാന്‍ കഴിയാതിരുന്ന കുട്ടികളെക്കുറിച്ച് പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ബ്രിട്ടന്‍ പോലൊരു വികസിതരാജ്യത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തിരിച്ചറിവാണ് അമികയെ ഈ പ്രവര്‍ത്തനത്തിലെത്തിച്ചത്.

ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിന്‍ സര്‍ക്കാര്‍ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബ്രിട്ടനില്‍ റാലി നടന്നിരുന്നു. റാലിക്ക് ശേഷം ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി പ്രശ്‌നം പരിഹരിക്കാന്‍ ഒരു കോടി യൂറോ വകയിരുത്തി. സൗജന്യമായി സാനിറ്ററി നാപ്കിന്‍ നല്‍കാമെന്ന് ഗ്രീന്‍ പാര്‍ട്ടിയും സമ്മതിച്ചു. റാലി നടന്നതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് ടൈം മാഗസിന്റെ പട്ടികയില്‍ അമിക ഇടം പിടിച്ചത്.

അമിക ഉള്‍പ്പെടെ ഇന്ത്യക്കരായ റിഷഭ് ജെയിന്‍, കാവ്യ കോപരപ്പ് എന്നിവരാണ് പട്ടികയില്‍ ഉളളത്. യുഎസില്‍ താമസിക്കുന്ന എട്ടാം ക്ലാസുകാരനായ റിഷഭ് പാന്‍ക്രിയാസ് കാന്‍സറിനുള്ള ചികിത്സയില്‍ ഡോക്ടര്‍മാരെ സഹായിക്കുന്നതിന്‌ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ ഘടന വികസിപ്പിച്ചു. ഹാര്‍വഡ് സര്‍വകലാശാല വിദ്യാര്‍ത്ഥി ആന്ധ്രക്കാരി കവ്യ തലച്ചോറില്‍ അര്‍ബുദം ബാധിച്ചവരുടെ കോശങ്ങള്‍ സൂക്ഷ്മമായും ആഴത്തിലും പഠിക്കാനുള്ള കമ്പ്യൂട്ടര്‍ സംവിധാനം വികസിപ്പിച്ചു.

DONT MISS
Top