പുല്‍പ്പള്ളി സര്‍വീസ് സഹകരണബാങ്കില്‍ സാമ്പത്തിക ക്രമക്കേട്; കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ടു

വയനാട്: പുല്‍പ്പള്ളി സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിയെ നീക്കംചെയ്ത് സഹകരണവകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിറക്കി. സഹകരണനിയമം വകുപ്പ് 32(2) പ്രകാരമാണ് ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി സഹകരണസംഘം അസി. രജിസ്ട്രാര്‍ ഓഫീസിലെ യൂണിറ്റ് ഇന്‍സ്‌പെക്ടറെ ബാങ്കിന്റെ പാര്‍ട് ടൈം അഡ്മിനിസ്‌ട്രേറ്ററായി ആറുമാസത്തേക്ക് നിയമിച്ചു.

ബാങ്ക് ഭരണസമിതിയംഗങ്ങള്‍, ബാങ്ക് സെക്രട്ടറി കെടി രമാദേവി, ഇന്റേണല്‍ ഓഡിറ്ററായ പിയു തോമസ് എന്നിവര്‍ സാമ്പത്തികനേട്ടം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ വായ്പാനടപടി ക്രമങ്ങളില്‍ കൃത്രിമം കാണിച്ചതായും വ്യാജരേഖകള്‍ ചമച്ചതായി ബോധ്യപ്പെട്ടതായും ഉത്തരവിലുണ്ട്. രേഖകള്‍ നശിപ്പിക്കുക, വിശ്വാസവഞ്ചന, കുറ്റാരോപിതരെ സംരക്ഷിക്കുക, ബാങ്കിന്റെ പണം ദുര്‍വിനിയോഗം ചെയ്യുക, നിയമവിരുദ്ധമായി വായ്പ നല്‍കി ബാങ്കിന്റെ പണം നഷ്ടപ്പെടുത്തുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ നടന്നത് കണ്ടെത്തിയതായി ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. സുപ്രീംകോടതിയും ഹൈക്കോടതിയും സമാനസാഹചര്യങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഭരണസമിതിയെ നീക്കം ചെയ്യുന്നതിന് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.

സഹകരണവകുപ്പ് നിയമം 65 പ്രകാരം നടന്ന അന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബറില്‍ പുറത്ത് വന്നതിനെതുടര്‍ന്ന് കോണ്‍ഗ്രസില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. പാര്‍ട്ടിക്കുള്ളില്‍നിന്നും യൂത്ത് കോണ്‍ഗ്രസില്‍നിന്നും രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടില്‍നിന്ന് പാര്‍ട്ടി പിന്‍വാങ്ങണമെന്ന് എ ഗ്രൂപ്പ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

DONT MISS
Top