ഡിസംബറിന്റെ കുളിര് തേടി തെക്കിന്റെ കശ്മീരിലേക്ക് സഞ്ചാരികളുടെ പ്രവാഹം

ഇടുക്കി: പ്രളയത്തില്‍ പാടെ തകര്‍ന്ന മൂന്നാറിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് തന്നെയാണ് ഈ ക്രിസ്മസ് അവധിക്കാലം. മഞ്ഞും കുളിരും നിറഞ്ഞ മൂന്നാറിന്റെ മനോഹാരിത ആസ്വദിക്കാന്‍ നിരവധി വിനോദ സഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കണ്ണിനെയും മനസിനെയും ഒരുപോലെ വിസ്മയിപ്പിക്കാന്‍ കഴിയുന്നതാണ് മൂന്നാറിന്റെ കാഴ്ചകള്‍. അത്‌കൊണ്ട് തന്നെ മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തന്നെ സഞ്ചാരികളാല്‍ നിറയുന്ന കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്.

രാജമല, മാട്ടുപ്പട്ടി, എക്കോ പൊയിന്റ് എന്നിവിടങ്ങളില്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രകൃതി മനോഹാരിതയുടെ നടുവിലുള്ള മൂന്നാറിലെ മഞ്ഞും തണുപ്പും ഏറെ ആസ്വാദകരമാണെന്ന് സഞ്ചാരികള്‍ പറയുന്നു. സഞ്ചാരികളുടെ കടന്നുവരവ് വര്‍ധിച്ചതോടെ വീണ്ടും വിനോദ സഞ്ചാര മേഖല ഉണര്‍ന്ന സന്തോഷത്തിലാണ് മൂന്നാറിലെ വ്യാപാരികള്‍.

പ്രളയം വരുത്തി വച്ച കടക്കെണിയില്‍ നിന്നും കരകയറാനുള്ള മാര്‍ഗം കൂടിയാണ് ഇത്തവണ മൂന്നാറിന് ക്രിസ്മസ് കാലം. നിലവില്‍ മീശപ്പുലി മലയിലേക്കടക്കം യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതും മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

അനൂകൂല കലാവസ്ഥയും വിനോദ സഞ്ചാരത്തിന് ഉണര്‍വേകുന്നു. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ കടന്ന് വരവ് വര്‍ധിക്കുമെന്നാണ് മൂന്നാറിന്റെ പ്രതീക്ഷ. എന്നാല്‍ പ്രളയത്തില്‍ പാടെ തകര്‍ന്ന മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന് ചോദ്യവും ഉയരുന്നുണ്ട്.

DONT MISS
Top