കൊല്ലം ബൈപ്പാസ് ഉദ്ഘാടനം വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു; സര്‍ക്കാര്‍ അനുമതി ഇനിയും വൈകിയാല്‍ ജനകീയ ഉദ്ഘാടനം നടത്തുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍


കൊല്ലം: നിര്‍മ്മാണം പൂര്‍ത്തിയായിട്ടും കൊല്ലം ബൈപ്പാസ് ഗതാഗതത്തിന് തുറന്നുനല്‍കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. വഴിവിളക്കുകള്‍ സ്ഥാപിക്കാത്തതിനാലാണ് ഉദ്ഘാടനം നീളുന്നതെന്നാണ് വിശദീകരണം.
സര്‍ക്കാര്‍ അനുമതി ഇനിയും വൈകിയാല്‍ ജനകീയ ഉദ്ഘാടനം നടത്തുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു.

കാവനാട് മുതല്‍ മേവറം വരെ 13 കിലോമീറ്റര്‍ നീളത്തിലാണ് കൊല്ലം ബൈപ്പാസിന്റെ നിര്‍മ്മാണം. കൊല്ലം നഗരത്തില്‍ പ്രവേശിക്കാതെ തിരുവനന്തപുരം ആലപ്പുഴ ഭാഗത്തേക്ക് യാത്ര ചെയ്യാവുന്ന തരത്തിലാണ് റോഡിന്റെ ഘടന. നഗരത്തിലെ ഗതാഗതക്കുരുക്കിന് ബൈപ്പാസ് ഒരു ശാശ്വത  പരിഹാരവുമാണ്. നാല് പതിറ്റാണ്ടിന് മുന്പ് ആരംഭിച്ച ബൈപ്പാസിന്റെ നിര്‍മ്മാണം ഇപ്പോള്‍ 98 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ പൂര്‍ണമായും ഗതാഗതത്തിന് ഇതുവരെയും തുറന്നുനല്‍കിയിട്ടില്ല.

ബൈപ്പാസിന്റെ ഉദ്ഘാടനം അനന്തമായി നീളുന്നുവെന്ന് കാണിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് എന്‍ കെ പ്രമചന്ദ്രന്‍ എം പി കത്ത് നല്‍കിയിട്ടുണ്ട്.  നിര്‍മ്മാണം പൂര്‍ത്തിയായെന്ന റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക് സംസ്ഥാനം ഇതുവരെയും നല്‍കിയിട്ടില്ലെന്നും എം പി ആരോപിച്ചു. പുതുവത്സരത്തിന് മുന്പ് ഗതാഗതത്തിനായി ബൈപ്പാസ് തുറന്നില്ലെങ്കില്‍ ജനകീയ ഉദ്ഘാടനത്തിനൊരുങ്ങുകയാണ് ആര്‍എസ്പി അടക്കമുള്ള സംഘടനകള്‍.

DONT MISS
Top