താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചു; മാതാപിതാക്കള്‍ മകളെ ചുട്ടുകൊന്ന് ചാരം നദിയിലൊഴുക്കി

ഹൈദരാബാദ്: അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് മാതാപിതാക്കള്‍ മകളെ ചുട്ടുകൊന്ന് ചാരം നദിയിലൊഴുക്കി. ഹൈദരാബാദില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള കലമഡുകു എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. അനുരാധ എന്ന പെണ്‍കുട്ടിയാണ് അന്യ ജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ദുരഭിമാന കൊലയ്ക്ക് ഇരയായിരിക്കുന്നത്.

മകള്‍ താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതാണ് മാതാപിതാക്കളായ സത്തേനയെയും ലക്ഷ്മിയെയും പ്രകോപിതരാക്കിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ ബന്ധുക്കളുടെ സഹായത്തോടെയാണ് അനുരാധയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു. സത്തേനയെയും ലക്ഷ്മിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയാണ് മാതാപിതാക്കള്‍ അനുരാധയെ കൊലപ്പെടുത്തിയത്. എന്നാല്‍ അനുരാധയെ കാണാനില്ലെന്ന ഭര്‍ത്താവ് ലക്ഷമണന്റെ പരാതിയില്‍ ഞായറാഴ്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  കൊലപാതക വിവരം പുറത്തറിയുന്നത്.

അനുരാധയും ലക്ഷമണനും ഒരേ നാട്ടുകാരാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എങ്കിലും അനുരാധയുടെ വീട്ടുകാര്‍ ഇവരുടെ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഡിസംബര്‍ മൂന്നിനാണ് രണ്ടുപേരും ഒളിച്ചോടി പോയി വിവാഹിതരായത്. ശനിയാഴ്ചയായിരുന്നു ദമ്പതികള്‍ തിരിച്ച് നാട്ടില്‍ എത്തിയത്. ഇവര്‍ ഗ്രാമത്തില്‍ എത്തിയ വിവരം അറിഞ്ഞ അനുരാധയുടെ ബന്ധുക്കള്‍ ലക്ഷ്മണന്റെ വീട് അക്രമിച്ച് അനുരാധയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

DONT MISS
Top