വനിതാമതില്‍: സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യത തകര്‍ന്നടിഞ്ഞുവെന്ന് സുധീരന്‍

വിഎം സുധീരന്‍

തിരുവനന്തപുരം: വനിതാമതിലിനായി ബജറ്റിലെ തുക ഉപയോഗിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നിന്നും മനസിലാകുന്നതെന്നും ബജറ്റില്‍ നിന്ന് എത്ര തുക ചെലവഴിച്ചെന്ന് അറിയിക്കണമെന്നുമുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവോടെ തകര്‍ന്നടിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യതയാണ് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഭരണരംഗത്തെ അരാജകമായ അവസ്ഥയാണ് ഇതെല്ലാം തെളിയിക്കുന്നത്.

വനിതാ മതിലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിച്ചുവെന്നും തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം ഹൈക്കോടതിയുടെ ഉത്തരവോടെ പൊളിഞ്ഞിരിക്കുകയാണ്. വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ലെന്ന് നേരത്തെ നിയമസഭയിലും മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ജനങ്ങള്‍ക്ക് കൃത്യമായി ബോധ്യപ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതിന് വന്‍ നുണ പറഞ്ഞ മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിട്ടുള്ളത്. അധികാരത്തില്‍ തുടരുന്നതിന് ധാര്‍മികവും ഭരണഘടനാപരവുമായ അര്‍ഹത ഇതോടെ നഷ്ടപ്പെട്ട മുഖ്യമന്ത്രി എത്രയും വേഗത്തില്‍ തല്‍സ്ഥാനം രാജിവെച്ചൊഴിയണം എന്നും സുധീരന്‍ പറഞ്ഞു.

DONT MISS
Top