വീട്ടിലെ സ്വത്ത് തര്‍ക്കം: വിഹിതം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മകന്‍ അമ്മയെ വെട്ടിക്കൊന്നു

ചെന്നൈ: വീട്ടിലെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊന്നു. ചെന്നൈയിലെ ഗുഡ്വന്‍ചേരിക്ക് സമീപത്തുള്ള ബസ് വെയിറ്റിംഗ് ഷെഡില്‍ വച്ചായിരുന്നു സംഭവം. ദേവരാജന്‍ എന്നയാളാണ് അമ്മയായ മുത്തമ്മ (77) യെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുത്തമ്മയുടെ മകളായ വിജയലക്ഷ്മിയുടെ പേരില്‍ ഇവര്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ പേരിലുള്ള രണ്ടേക്കര്‍ വസ്തു എഴുതി കൊടുത്തിരുന്നു. സഹോദരിക്ക് വസ്തു എഴുതി കൊടുത്തതുമായി ബന്ധപ്പെട്ട് ദേവരാജന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് അടുത്തയാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് അമ്മയെ കൊലപ്പെടുത്തിയത്.

ദേവരാജന്‍ അമ്മയെ ആക്രമിക്കുന്ന സമയം സഹോദരിയും ഒപ്പമുണ്ടായിരുന്നു. ഇവര്‍ ഒരുമിച്ച് വീട്ടിലേക്ക് വരുന്നതിനിടെ സമീപത്തെ ബസ്റ്റോപ്പില്‍ വെച്ച് ദേവരാജന്‍ അക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ മുത്തമ്മ സംഭവസ്ഥലത്തുനിന്നുതന്നെ മരിച്ചു. അക്രമത്തില്‍ സഹോദരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരാണ് പൊലിസില്‍ ഏല്‍പ്പിച്ചത്. മദ്യലഹരിയിലാണ് പ്രതി കൃത്യം ചെയ്തതെന്ന് പൊലിസ് പറഞ്ഞു.

DONT MISS
Top