‘നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താറുമാറാക്കി’; റിസര്‍ച്ച് റിപ്പോര്‍ട്ടുമായി ഗീതാ ഗോപിനാഥും സംഘവും


ദില്ലി: കേന്ദ്രസര്‍ക്കാര്‍ ‘ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരം’എന്ന് വിശേഷിപ്പിച്ച നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുവെന്ന് പഠനറിപ്പോര്‍ട്ട്. ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥും സംഘവും നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കിന്റെ ഒരു പാദത്തില്‍ രണ്ട് ശതമാനത്തോളം ഇടിവ് വരുത്തിയതായാണ് കണ്ടെത്തല്‍.

ചുരുങ്ങിയകാലം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പല മേഖലകളിലും നോട്ട് നിരോധനം എത്രത്തോളം പ്രത്യാഘാതങ്ങളേല്‍പ്പിച്ചു എന്നായിരുന്നു പഠനം. കള്ളപ്പണം തുടച്ചു നീക്കാന്‍ എന്ന പേരില്‍ 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം വന്‍ പരാജയം ആയിരുന്നു. പതിനഞ്ച് ലക്ഷത്തോളം തൊഴിലുകളാണ് നഷ്ടമായത്. ഗ്രാമീണ മേഖല പാടേ തകര്‍ന്നു. കയറ്റുമതി മുതല്‍ രാജ്യത്തിന്റെ പ്രധാന വരുമാന മേഖലകളെയൊക്കെ നിരോധനം ദോഷമായി ബാധിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 7 ശതമാനമായിരുന്ന ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നോട്ടുനിരോധനം നടപ്പിലാക്കിയതിന് ശേഷം 6.1 ലേക്ക കൂപ്പ് കുത്തി.

സംഘടിതമായ കൊള്ളയടിയും നിയമപരമായി പിടിച്ചു പറിക്കലുമെന്നാണ് നോട്ട് നിരോധനത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിശേഷിപ്പിച്ചത്. വിപണിയിലെ 86 ശതമാനം നോട്ടുകളും ഒറ്റയടിക്ക് അപ്രത്യക്ഷമാവുകയായിരുന്നു. കാര്‍ഷിക-കെട്ടിട-സേവന മേഖലകളെയൊക്കെ തകിടം മറിച്ച പരിഷ്‌കാരത്തെ ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഈ റിപ്പോര്‍ട്ടിന് പ്രാധാന്യമേറുന്നത്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചിലാണ് ‘ക്യാഷ് ആന്‍ഡ് ദി ഇക്കണോമി: എവിഡന്‍സ് ഫ്രം ഇന്ത്യാസ് ഡിമോണിറ്റൈസേഷന്‍’ എന്ന പ്രബന്ധത്തിലാണ് ഗീതാഗോപിനാഥും സംഘവും നോട്ടു നിരോധനത്തെ വിമര്‍ശിച്ചത്. ഡിജിറ്റല്‍ പണമിടപാടുകളിലേക്കുള്ള മാറ്റവും ഉയര്‍ന്ന നികുതി വരുമാനവും ഭാവിയില്‍ ഗുണകരമായേക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഗബ്രിയേല്‍ ചോദ്‌റോ റീച്ച്, ഗ്ലോബല്‍ മാക്രോ റിസര്‍ച്ച് മാനേജിങ് ഡയറക്ടര്‍ പ്രാച്ഛി മിശ്ര, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിസര്‍ച്ച് മാനേജര്‍ അഭിനവ് നാരായണ്‍ എന്നിവരാണ് ഗീതാഗോപിനാഥിനൊപ്പം പഠനം നടത്തിയവര്‍. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഗീതാ ഗോപിനാഥ്.

DONT MISS
Top