സിബിഐ ആസ്ഥാനത്തെ ‘നിധി’ കാണുന്ന അഭിഭാഷകര്‍

ദില്ലിയിലെ ലോധി റോഡിലെ സിജിഒ കോംപ്ലക്‌സിലെ ഏറ്റവും മനോഹരമായ സര്‍ക്കാര്‍ ഓഫീസ് ഏതാണെന്ന് ചോദിച്ചാല്‍ അല്‍പ്പം പോലും ആലോചിക്കാതെ മറുപടി പറയാം, 70000 ചതുരശ്ര അടി വിസ്തീര്‍ണവും 11 നിലയും ഉള്ള സിബിഐ ആസ്ഥാനം. ഫ്രാന്‍സിലെ ലയോണില്‍ സ്ഥിതി ചെയ്യുന്ന ഇന്റര്‍പോള്‍ ആസ്ഥാനത്തിന് സമാനമായാണ് ഇന്ത്യയിലെ ഒന്നാമത്തെ അന്വേഷണ ഏജന്‍സിയുടെ ആസ്ഥാനം നിര്‍മ്മിച്ചിരിച്ചിരിക്കുന്നത്. ഒരു പക്ഷേ ദില്ലിയിലെ തന്നെ ഏറ്റവും മനോഹരവും രാജ്യാന്തര നിലവാരത്തിലുമുള്ള സര്‍ക്കാര്‍ കെട്ടിടമാണ് സിബിഐ ആസ്ഥാനം.

സിബിഐ ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിന് നേരെ എതിരെ ഒരു ചെറിയ ചായ കട ഉണ്ട്. ശൈത്യകാലം കനത്തതോടെ വൈകുന്നേരങ്ങളില്‍ ഈ ചായ കടയില്‍ തിരക്ക് കൂടുതലാണ്. ഡിസംബര്‍ ആറ് മുതല്‍ ഈ ചായക്കടയില്‍ എന്നും സന്ധ്യ ആകുമ്പോള്‍ സിബിഐ ആസ്ഥാനത്ത് നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടന്ന് മൂന്ന് മലയാളികള്‍ എത്തും. ഇപ്പോള്‍ മുഖപരിചയം ആയതിനാല്‍ തന്നെ ഓര്‍ഡര്‍ നല്‍കുന്നതിന് മുമ്പ് മൂന്ന് ചായ റെഡി. രണ്ടെണ്ണം കടുപ്പം കൂട്ടിയും, ഒരെണ്ണം കടുപ്പവും പഞ്ചസാരയും കുറച്ചും. ആവി പറക്കുന്ന ചായയും വാങ്ങി തിരക്ക് ഒഴിഞ്ഞ സ്ഥലത്തേക്ക് മാറി നിന്ന് അവര്‍ ചര്‍ച്ച തുടങ്ങുക ആയി. അന്നത്തെ കൂടികാഴ്ചയെ കുറിച്ച്.

അന്തര്‍ദേശിയ, ദേശിയ വാര്‍ത്തകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് പരിചിതനായ ഒരു വ്യക്തിയെ സന്ദര്‍ശിച്ച ശേഷം ആണ് ഈ മൂവര്‍ മലയാളി സംഘം സി ബി ഐ ആസ്ഥാനത്ത് നിന്ന് എന്നും സന്ധ്യക്ക് പുറത്തേക്ക് വരുന്നത്. മറ്റാരുമല്ല അത്, അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലകാരന്‍ ക്രിസ്ത്യന്‍ മിഷേല്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും, ഗാന്ധി കുടുംബത്തിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കരുതി വച്ചിരിക്കുന്ന ബ്രഹാമാസ്ത്രം ആണ് മിഷേല്‍ എന്നാണ് ഡല്‍ഹിയിലെ രാഷ്ട്രീയ ഉപശാലകളിലെ സംസാരം. സ്വന്തം കൈപ്പടയില്‍ മിഷേല്‍ എഴുതിയ കോഴ കണക്കുകള്‍ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റ സമ്മതം നടത്തിയാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കും മോദിക്കും അനായാസേന ജയിച്ചു കയറാം എന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.

മൂവര്‍ സംഘത്തെ കുറിച്ച് പറഞ്ഞ ശേഷം വീണ്ടും സിബിഐ ആസ്ഥാനത്തേക്കും, ക്രിസ്ത്യന്‍ മിഷേലിലേക്കും വരാം. മിഷേലിന്റെ അഭിഭാഷകര്‍ ആയ മൂന്ന് മലയാളികളെ കുറിച്ച് ഇതിനോടകം പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആല്‍ജോ കെ ജോസഫ്, ശ്രീറാം പറക്കാട്ട്, വിഷ്ണു ശങ്കര്‍. മൂന്ന് പേരുടെയും കോണ്‍ഗ്രസ് പശ്ചാത്തലം ആയിരുന്നു ദേശിയ മാധ്യമങ്ങളുടെ പ്രധാനപ്പെട്ട വാര്‍ത്ത. മൂന്ന് പേരും സുപ്രീം കോടതിയില്‍ വന്ന കാലം മുതല്‍ എനിക്ക് അവരെ അറിയാം. സുഹൃത്തുക്കള്‍ ആണ്.

മൂന്നാറിലെ ആനച്ചാല്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് അല്‍ജോ സുപ്രീം കോടതിയില്‍ എത്തുന്നത്. നിയമ പഠനം മംഗലാപുരത്ത് ആയിരുന്നു. പ്രമുഖ അഭിഭാഷകന്‍ വെങ്കട്ട് രമണിയുടെ ജൂനിയര്‍ ആയിരുന്നു. സൗമ്യ വധകേസില്‍ സൗമ്യയുടെ അമ്മ സുമതിയുടെ അഭിഭാഷകന്‍ ആയതോടെ ആണ് ആല്‍ജോ മാധ്യമ പ്രവര്‍ത്തകരുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ പെടുന്നത്. ആല്‍ജോ പക്ഷേ മാധ്യമ പ്രവര്‍ത്തകരെ ഞെട്ടിച്ച് കളഞ്ഞത് സെന്‍കുമാര്‍ കേസില്‍ ആണ്. സെന്‍കുമാര്‍ കേസില്‍ തികച്ചും അപ്രതീക്ഷിതം ആയിട്ട് ആയിരുന്നു ഡി ജി പി ലോക്‌നാഥ് ബെഹ്‌റ സുപ്രീം കോടതിയെ സമീപിച്ചത്. അതിലും അപ്രതീക്ഷതം ആയിരുന്നു ബെഹ്‌റയ്ക്ക് വേണ്ടി ആല്‍ജോ വക്കാലത്ത് ഇട്ടത്. അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ ഗുജറാത്ത് പി സി സി ക്ക് വേണ്ടി സുപ്രീം കോടതിയില്‍ വക്കാലത്ത് ഇട്ടതും അല്‍ജോ ആയിരുന്നു. ആല്‍ജോയും ആയുള്ള സൗഹൃദം കാരണം പല ദേശിയ വാര്‍ത്തകളും എനിക്കും ബ്രേക്ക് ചെയ്യാനായി എന്ന സത്യം വിസ്മരിക്കുന്നില്ല.

മൂവര്‍ സംഘത്തിലെ രണ്ടാമന്‍ ശ്രീറാം പറക്കാട്ട്. ശ്രീറാമിനെ കുറിച്ച് എഴുതാന്‍ ആണെങ്കില്‍ 200 പേജിന്റെ മൂന്നോ നാലോ ബുക്ക് വേണ്ടി വരും. ഇണക്കവും പിണക്കവും ചേര്‍ന്നതാണ് ഞങ്ങളുടെ ബന്ധം. എന്നെങ്കിലും ഞാന്‍ എഴുതുന്ന ഒരു സര്‍വീസ് സ്റ്റോറിയില്‍ ഒരു അധ്യായം ശ്രീറാമും ആയി ബന്ധപ്പെട്ട ഒരു വിവാദ കേസ് ആണ്. അതിലേക്ക് ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗം ആയ എന്‍ എസ് യു വിന്റെ നേതാവ് എന്നാണ് ശ്രീറാമിനെ ദേശിയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ എന്റെ അറിവില്‍ അങ്ങനെ ഒരു പശ്ചാത്തലം ശ്രീറാമിന് ഉള്ളതായി അറിയില്ല. എന്ന് മാത്രം അല്ല ഒരു തിങ്കഞ്ഞ ഇടത് പക്ഷ കുടുംബ പശ്ചാത്തലം ആണ് ശ്രീറാമിന് ഉള്ളത്.

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ ഫാക്കല്‍റ്റി ആയിരുന്നു ശ്രീറാമിന്റെ അച്ഛനും അമ്മയും. പാലക്കാട്ടെ തത്തമംഗലം ആണ് സ്വദേശം. ബന്ധുക്കള്‍ ഏറെയും ഉള്ളത് സി പി എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നാടായ എലപ്പുള്ളിയിലും വടക്കുംതറയിലും. സി പി എം കാറ്റ് ഏറ്റ് ആണ് വളര്‍ന്നത് എങ്കിലും ശ്രീറാമിന്റെ ചായ്‌വ് വലത് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ആയ സി പി ഐ യോട് ആണ്. രാജ്യസഭാ അംഗം ബിനോയ് വിശ്വത്തിന്റെ സുപ്രീം കോടതിയിലെ സ്ഥിരം ‘ഫയലിംഗ് കൗണ്‍സില്‍’ ആണ് ശ്രീറാം. ആധാര്‍, പ്രളയകെടുതി ദുരിതാശ്വാസം തുടങ്ങിയ വിഷയങ്ങളില്‍ ബിനോയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത് ശ്രീറാം ആയിരുന്നു. തനിക്ക് എതിരായ കേസില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ രഹ്ന ഫാത്തിമ ആദ്യം സമീപിച്ചതും ശ്രീറാമിനെ ആയിരുന്നു.

അഭിഭാഷകരില്‍ മൂന്നാമന്‍ വിഷ്ണു ശങ്കര്‍. തിരുവനന്തപുരം ലോ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി. ഡല്‍ഹിലെ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എല്‍ എല്‍ എം പഠനം. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ജോജി സ്‌കറിയയുടെ ജൂനിയര്‍ ആയി സുപ്രീം കോടതിയില്‍ എത്തി. പിന്നീട് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ ജെയ്‌നിന്റെ ജൂനിയര്‍ ആയി. ജോജിക്ക് ഒപ്പം സംസ്ഥാന സര്‍ക്കാരിന് വേണ്ടിയും ജെയിന് ഒപ്പം കേന്ദ്ര സര്‍ക്കാരിന് വേണ്ടി നിരവധി കേസ്സുകളില്‍ ഹാജര്‍ ആയി. ഹൈവെയിലെ മദ്യ നിരോധനവും ആയി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഗോവ, മിസോറാം സര്‍ക്കാരുകള്‍ക്ക് വേണ്ടി ഹാജര്‍ ആയ അഭിഭാഷക സംഘത്തിലും വിഷ്ണു ഉണ്ടായിരുന്നു. കൊല്ലം ജില്ലയിലെ ചിതറയിലെ ഒരു കോണ്‍ഗ്രസ് കുടുംബ അംഗം ആണ് വിഷ്ണു.

ദുബായിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ട് വന്ന ക്രിസ്ത്യന്‍ മിഷേലിനെ ഡിസംബര്‍ 6 ന് ആണ് കോടതിയില്‍ ഹാജര്‍ ആക്കിയത്. അന്ന് കോടതി ഈ മൂന്ന് പേര്‍ക്കും മിഷേലിനെ കാണാന്‍ ദിവസവും ഒരു നിശ്ചിത സമയം അനുമതി നല്‍കി. തൊട്ട് അടുത്ത ദിവസം മുതല്‍ മൂന്ന് പേരും വൈകിട്ട് ലോധിയിലെ സി ബി ഐ ആസ്ഥാനത്ത് എത്തി മിഷേലിനെ കാണും. ആദ്യമൊക്കെ മൂന്ന് പേര്‍ക്കും ഒരുമിച്ച് കാണാന്‍ അനുമതി നല്‍കിയിരുന്നു എങ്കില്‍ പിന്നീട് അത് ഒരു സമയം ഒരാള്‍ക്കായി പരിമിതപ്പെടുത്തി. എന്നിരുന്നാലും മൂന്നും പേരും ഒരുമിച്ചാണ് സി ബി ഐ ആസ്ഥാനത്തേക്ക് വരുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം സി ബി ഐ ആസ്ഥാനത്തിന് എതിര്‍ വശത്തുള്ള ചായകടയില്‍ നിന്നുള്ള പതിവ് ചായ കുടിയും കൂടിക്കാഴ്ചയെ കുറിച്ചുള്ള ചര്‍ച്ചയും മുറ പോലെ നടക്കുന്നു.

സി ബി ഐ ആസ്ഥാനത്തെ 11, 12 നിലകളില്‍ ഇപ്പോള്‍ പതിവ് പോലെ തിരക്ക് ഇല്ല. അവിടെ ആണ് ഡയറക്ടറും, അഡീഷണല്‍ ഡയറക്ടറും, സ്‌പെഷ്യല്‍ ഡയറക്ടര്‍മാറും, ജോയിന്റ് ഡയറക്ടര്‍മാറും ഉള്‍പ്പടെ ഉള്ള ഉദ്യോഗസ്ഥര്‍ ഇരിക്കുന്നത്. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതിന് എതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് താത്കാലിക ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവിന് സുപ്രീം കോടതി ചില നിയനന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല സുപ്രധാന കേസുകളിലെയും നടപടികള്‍ നിലച്ച മട്ടാണ്. സി ബി ഐ ആസ്ഥാനത്തെ താഴത്തെ നിലയില്‍ അന്തരാഷ്ട്ര നിലവാരത്തില്‍ ഉള്ള ജിം ഉണ്ട്. അവിടെയും കഫറ്റീരിയയിലും ആണ് ഉദ്യോഗസ്ഥരുടെ തിരക്ക്.

സി ബി ഐ ആസ്ഥാനത്തെ ആറാമത്തെ നിലയില്‍ ഒരു മ്യുസിയം ഉണ്ട്. സി ബി ഐ ഇത് വരെ അന്വേഷിച്ച പ്രധാനപ്പെട്ട കേസുകളും അതിന്റെ ചരിത്രവും ആണ് ഈ മ്യുസിയത്തില്‍ ഉള്ളത്. ബൊഫോഴ്‌സ്, രാജീവ് കൊലപാതകം, 2 ജി അഴിമതി കേസ് തുടങ്ങി പല കേസുകളുടെയും ചരിത്രം ആ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സമീപകാലത്ത് തന്നെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയുടെ ചരിത്രവും ആ മ്യൂസിയത്തില്‍ സ്ഥാനം പിടിക്കും. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസിലെ ഏറ്റവും പ്രധാനപ്പെട്ട ‘പ്രതി / തെളിവ്’ ആണ് സി ബി യെ സംബന്ധിച്ചെടുത്തോളം ഇപ്പോള്‍ ക്രിസ്ത്യന്‍ മിഷേല്‍. ആഭ്യന്തര കലഹത്തെ തുടര്‍ന്ന് സി ബി ഐ ആസ്ഥാനത്തെ ഭരണം ഭാഗീകം ആയി മരവിച്ചു എങ്കിലും ക്രിസ്ത്യന്‍ മിഷേലിന്റെ കാര്യത്തില്‍ എല്ലാം ഊര്‍ജ്ജസ്വലം ആണ്.

മിഷേലിനെ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതില്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു എന്നാണ് സി ബി ഐ ഡിസംബര്‍ 5 ന് പുറത്ത് ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. മിഷേലിനെ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത് പിന്നില്‍ ‘ഗോവ ഓപ്പറേഷന്’ പങ്കുള്ളതായി കുറച്ച് ദിവസം ആയി പറഞ്ഞ് കേള്‍ക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ രാജ്യത്തെ ഭരണാധികാരിയുടെ മകളെ ഒരു മുന്‍ ഫ്രഞ്ച് ചാരനും ആയി ഗോവയിലെ സമുദ്ര അതിര്‍ത്തിയില്‍ വച്ച് കപ്പലില്‍ നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയില്‍ എടുക്കുകയും, ഇവരെ പശ്ചിമേഷ്യന്‍ രാജ്യത്തിന് കൈമാറിയതിന് പകരം ആയാണ് ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് ലഭിച്ചത് എന്നും ഒക്കെ ആണ് ഡല്‍ഹിയില്‍ കേള്‍ക്കുന്ന കഥ. ഈ കഥയുടെ നിജസ്ഥിതി അറിയില്ല. പക്ഷേ ലോക്‌സഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ ‘വിലമതിക്കാന്‍ ആകാത്ത നിധി’ യെ ദോവല്‍ നേരിട്ട് ഇടപെട്ട് ഡല്‍ഹിയില്‍ എത്തിച്ചത് എന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല.

ഏതായാലും സി ബി ഐ ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന ‘ഈ നിധിയെ’ എന്നും കാണുന്നതും സംസാരിക്കുന്നതും സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഈ മൂന്ന് മലയാളികള്‍ ആണ്. അവര്‍ എന്താണ് ക്രിസ്ത്യന്‍ മിഷേലും ആയി ആശയ വിനിമയം നടത്തുന്നത് എന്നത് ദുരൂഹം ആണ്. കേസുമായി ബന്ധപ്പെട്ട് ഒന്നും സംസാരിക്കരുത് എന്നാണ് തങ്ങളുടെ തീരുമാനം എന്നാണ് ഇവരുടെ നിലപാട്. ക്രിസ്ത്യന്‍ മിഷേലിന്റെ ജാമ്യ അപേക്ഷ ഡല്‍ഹിയിലെ പട്യാല ഹൌസ് കോടതി ഇന്ന് വിധി പറയാന്‍ ആയി മാറ്റിയിരിക്കുക ആണ്. ജാമ്യം ലഭിക്കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല. ജാമ്യം ലഭിച്ചില്ല എങ്കില്‍ ക്രിസ്ത്യന്‍ മിഷേലും ആയുള്ള ഈ മൂവര്‍ സംഘത്തിന്റെ കൂടിക്കാഴ്ച തത്കാലതേങ്കിലും തുടരും. ഒരു കാര്യം ഉറപ്പാണ് ഈ കൂടിക്കാഴ്ചകള്‍ ഇവര്‍ മൂന്ന് പേരുടെയും അഭിഭാഷക ജീവിതത്തില്‍ നിര്‍ണ്ണായക നാഴിക കല്ല് ആകും.

DONT MISS
Top