തോല്‍വിഭാരം പേറി അന്ന് റെനെ, ഇപ്പോള്‍ ജെയിംസ്, ഇനിയാര്?

ഡേവിഡ് ജെയിംസ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണ്‍ മുതല്‍ ഇന്നുവരെ ഒരു പ്രൊഫഷണല്‍ സമീപനം സ്വീകരിക്കാത്ത ഒരേയൊരു ടീം കേരളാ ബ്ലാസ്‌റ്റേഴ്‌സാണ്. തോല്‍വികളല്ല, ടീം വളരെ മോശം രീതിയില്‍ കളിക്കുന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ ഈ ടീം മറ്റ് ടീമുകളെ തോല്‍പ്പിക്കണം എന്നൊക്കെ ആവശ്യപ്പെടുന്നതുതന്നെ അതിമോഹമാണ്.

ലീഗ് തുടങ്ങുന്നതിന് മുമ്പുതന്നെ അറിയാവുന്നതുപോലെ കേരളാ ബ്ലാസ്‌റ്റേഴ്‌സാണ് ലീഗിലെ ഏറ്റവും മോശം ടീം. മികച്ച താരനിരയുമായി എത്തി നാലാം സീസണ്‍ തുലച്ചതുപോലെതന്നെ തീര്‍ത്തും മോശം താരനിരയുമായി എത്തി അഞ്ചാം സീസണ്‍ തുലയ്ക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. ഇനി മൂന്നാം സീസണില്‍ ഫൈനല്‍ വരെ എത്തിയ ടീമും താരങ്ങളുടെ കുറവുകൊണ്ട് ശ്രദ്ധേയമായിരുന്നു. മോശം കളിക്കാരിലേക്കാണ് ടീം മാനേജ്‌മെന്റെ എക്കാലത്തേയും നോട്ടം.

വയസന്‍ പടയെ വെച്ചും മോശം ടീമിനെ വച്ചും കളികള്‍ ജയിക്കണമെന്നാണ് മാനേജ്‌മെന്റിന്റേയും ആരാധകരുടേയും ആവശ്യം. മറ്റ് ടീമുകള്‍ ബ്രസീലില്‍നിന്നും സ്‌പെയിനില്‍നിന്നും കളിക്കാരെയെടുക്കുമ്പോള്‍ (കഴിഞ്ഞ ഐഎസ്എല്ലിന്റെ കണക്കുകള്‍ ഇവിടെ വായിക്കാം. മുംബൈയുടെയും ഗോവയുടേയും ബാംഗ്ലൂരിന്റെയും വിദേശതാര കണക്കുകളും അവസാന ഫലങ്ങളും നോക്കുക http://www.reporter.live/2018/03/18/483680.html ) ബ്ലാസ്‌റ്റേഴ്‌സ് കേട്ടുകേള്‍വിയില്ലാത്ത രാജ്യങ്ങളില്‍നിന്ന് കളിക്കാരെ വാങ്ങുന്നു. നിലംതൊടാതെ തോല്‍വികള്‍ വന്ന് മൂടുമ്പോള്‍ കോച്ചിന്റെ ചുമലില്‍ പഴിയും ചാരി മാനേജ്‌മെന്റ് രക്ഷപ്പെടുന്നു. ഒരിക്കലും യോജിച്ച് പോകാനാവില്ല എന്നുമനസിലാക്കിയ സച്ചിന്‍ ടീം ഉപേക്ഷിച്ച് പൊയ്ക്കളഞ്ഞു.

പീറ്റര്‍ ടെയ്‌ലറും ട്രെവര്‍ മോര്‍ഗനും ടെറി ഫെലാനും റെനെ മ്യൂലന്‍സ്റ്റീനും ഡേവിഡ് ജെയിംസുമെല്ലാം എടുത്താല്‍പൊങ്ങാത്ത ഭാരം തലയിലേറ്റിയവരാണ്. മൂന്ന് വിദേശ താരങ്ങളെമാത്രം കളത്തിലിറക്കാറുള്ള ഡേവിഡ് ജെയിംസിനെ ന്യായീകരിക്കുകയല്ല. എന്നാല്‍ വിദേശ കളിക്കാരേക്കാള്‍ മികച്ചത് ഇന്ത്യന്‍ കളിക്കാരാണ് എന്ന് ഒരു കോച്ചിന് തോന്നുന്നതിനേക്കാള്‍ വലിയ ദുരന്തമുണ്ടോ? അതിനുത്തരവാദി മാനേജ്‌മെന്റാണ്. മാനേജ്‌മെന്റിന്റെ ഇരകളാണ് കോച്ചുമാരും ആരാധകരും.

ടീമുകളുടെ നഷ്ടം കുറഞ്ഞുവരികയാണ്. വരുന്ന ഒന്നുരണ്ട് സീസണുകള്‍കൊണ്ട് ടീമുകള്‍ ലാഭത്തിലാകും. അപ്പോള്‍ ലാഭക്കണക്ക് ഉയര്‍ത്തുക എന്നത് മാത്രമാകരുത് മാനേജ്‌മെന്റിന്റെ ലക്ഷ്യം. ഫുട്‌ബോളിനോടും ആ പ്രദേശത്തെ ഫുട്‌ബോള്‍ എന്ന വികാരത്തോടും ബഹുമാനമുള്ളവരാകണം മാനേജ്‌മെന്റ്. ഫുട്‌ബോള്‍ സ്‌നേഹം സിരകളില്‍ ഉള്ളതുകൊണ്ട് ടീമിനേയും സ്‌നേഹിക്കണം എന്ന നിലമാറി ടീമിന്റെ പ്രകടന മികവ് കൊണ്ട് ടീമിനെ സ്‌നേഹിക്കാന്‍ തോന്നണം. ഇതിന് ബാംഗ്ലൂരിനെയാണ് മാതൃകയാക്കേണ്ടത്.

വരുണ്‍ ത്രിപുനേനി, തംഗ്‌ബോയ് സിംഗ്‌തോ എന്നിവരെല്ലാം കാലങ്ങളായി മാനേജ്‌മെന്റിന്റെയും ടീമിന്റെയും ഭാഗമാണ്. ഒന്നുകില്‍ ഇവരുടെ പ്രകനം വിലയിരുത്താന്‍ മാനേജ്‌മെന്റ് തയാറാകണം. അല്ലെങ്കില്‍ സ്വയം ലജ്ജതോന്നി സ്ഥാനത്തുനിന്ന് ഇറങ്ങിപ്പോകണം. അതിനുവേണ്ടിയാദ്യം തങ്ങള്‍ക്ക് ഇത്രനാള്‍കൊണ്ട് എന്ത് സാധിച്ചു എന്ന് സ്വയം വിലയിരുത്തണം. ആരാധകര്‍ അന്ധമായി ഇവര്‍ പറയുന്നത് കേള്‍ക്കുകയല്ല മറിച്ച് ഇവരെ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് എന്ന് മനസിലാക്കണം. കടിച്ചുതൂങ്ങിക്കിടക്കുന്നവര്‍ ഏറ്റവും കുറഞ്ഞത് ബ്ലാസ്റ്റേഴ്‌സ് എന്നത് ഒരു ഫുട്‌ബോള്‍ ടീമാണ് എന്ന ബോധം വച്ചുപുലര്‍ത്തുന്നവരാകണം.

കേരളാ ബ്ലാസ്റ്റേഴ്‌സ് കാരണം മലയാളികള്‍ ഫുട്‌ബോള്‍ തന്നെ വെറുത്തുപോയാല്‍ അത്ഭുതപ്പെടാനില്ല. ഗോകുലം എഫ്‌സിയുടേയുംമറ്റും കളിയൊന്നും നിലവില്‍ കണ്ടിരിക്കാന്‍ മാത്രം നിലവാരമുള്ള പശ്ചാത്തലത്തിലല്ല നടക്കുന്നത്. ഗോകുലം എഫ്‌സികൂടി ഐഎസ്എല്ലില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഐഎസ്എല്ലിലേക്ക് തിരുവനന്തപുരത്തുനിന്നും ഒരു ടീം വരുന്നു എന്ന് കേട്ടപ്പോള്‍ പൊതുവെ എതിര്‍പ്പുയര്‍ന്നു. ബ്ലാസ്‌റ്റേഴ്‌സ് എന്ന ഒരു വികാരം മാത്രം മതി തങ്ങള്‍ക്ക് എന്ന് ആരാധകര്‍ പ്രഖ്യാപിച്ചു. ആ വികാരം ഒരു ഭൂലോക മണ്ടത്തരമായിരുന്നു എന്നാണ് മനസിലാക്കേണ്ടിവരുന്നത്.

DONT MISS
Top