“റിസര്‍വ് ബാങ്കിന്റെ കരുതല്‍ മൂലധനം സര്‍ക്കാരിനാവശ്യമില്ല”, നിലപാടില്‍ മറുകണ്ടംചാടി അരുണ്‍ ജെയ്റ്റ്‌ലി

ദില്ലി: റിസര്‍വ് ബാങ്കിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ കരുതല്‍ മൂലധനം സര്‍ക്കാരിന് ആവശ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജി കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. രാജി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ അനാവശ്യമായി വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേന്നാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വെച്ചത്. കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ഭിന്നതകളാണ് രാജിക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് ജെയ്റ്റ്‌ലിയുടെ വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധനമന്ത്രി പ്രതികരിച്ചത്.

കരുതല്‍ മൂലധനവുമായി ബന്ധപ്പെട്ടും വായ്പാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുമാണ് കേന്ദ്ര ധനകാര്യ വകുപ്പും ആര്‍ബിഐയും തമ്മില്‍ തര്‍ക്കം രൂക്ഷമായത്. വായ്പ നല്‍കുന്നതില്‍ നിന്നു പതിനൊന്നോളം ബാങ്കുകളെ റിസര്‍വ് ബാങ്ക് തടഞ്ഞിരുന്നു. വായ്പാ തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സമ്മര്‍ദം ഉയര്‍ന്നിരുന്നു. കരുതല്‍ മൂലധനത്തില്‍ നിന്നും കേന്ദ്രം പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഉര്‍ജിതിന്റെ രാജി.

ഇപ്പോള്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിതനായ ശക്തികാന്ത ദാസ്
മോദി ഗവണ്‍മെന്റിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് പിന്തുണ നല്‍കിയ വ്യക്തിയാണ്. അദ്ദേഹം നോട്ട് നിരോധന സമയത്ത് കേന്ദ്രധനകാര്യ സെക്രട്ടറിയായിരുന്നു. നിലവില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അംഗവും കൂടിയാണ് ശക്തികാന്ത്. റവന്യൂ വകുപ്പിലുണ്ടായിരുന്ന അദ്ദേഹത്തെ 2015ല്‍ നരേന്ദ്ര മോദിയാണ് ധനകാര്യവകുപ്പിലേക്ക് കൊണ്ടുവരുന്നത്.

DONT MISS
Top