‘ഉമ്മ’യുമായി വീണ്ടും ടൊവിനോ; ‘എന്റെ ഉമ്മാന്റെ പേര്’ 21ന് തിയേറ്ററുകളില്‍


കുപ്രസിദ്ധ പയ്യന് ശേഷം വീണ്ടുമൊരു ടൊവിനോചിത്രം തിയേറ്ററുകളിലെത്തുകയാണ്. ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ‘എന്റെ ഉമ്മാന്റെ പേര്’ ആണ് ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തുന്നത്. മലബാറിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നടി ഉര്‍വശിയാണ് ടൊവിനോയുടെ അമ്മയായെത്തുന്നത്. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ  ഒരുക്കിയിരിക്കുന്നത് ജോസ് സെബാസ്റ്റിയനും ശരത് ആര്‍ നാഥും ചേര്‍ന്നാണ്.

ഉമ്മയെത്തിരഞ്ഞിറങ്ങുന്ന യാത്രയില്‍ ഹമീദ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ നടക്കുന്ന രസകരമായ സന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കാലങ്ങള്‍ക്ക് ശേഷം തന്റെ ഒരു ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന ചിത്രം എന്ന പ്രത്യേകതയും ‘എന്റെ ഉമ്മാന്റെ പേര്’ ന് സ്വന്തം എന്ന് ടൊവിനോയും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സെല്‍ഫ് ട്രോള്‍ എന്ന രൂപേണയാണ് ചിത്രം കാണാന്‍ ക്ഷണിച്ച് കൊണ്ട് ടൊവിനോ പോസ്റ്റ് ഇട്ടിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

‘അങ്ങനെ കാലങ്ങള്‍ക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീന്‍ ‘U’ സര്‍ട്ടിഫിക്കറ്റ് !! ??
ഈ പടത്തിലും ഉമ്മ ഉണ്ട് !
പക്ഷെ ‘ചുംബനം’ എന്നര്‍ത്ഥം വരുന്ന ‘ഉമ്മ’ അല്ല ,
‘അമ്മ’ എന്നര്‍ത്ഥം വരുന്ന ‘ഉമ്മ’ ആണ് കേട്ടോ !!
??
ഇനി കുടുംബപ്രേക്ഷകര്‍ക്കു ധൈര്യായിട്ട് വരാല്ലോ ??!??!??!??
അപ്പൊ ഡേറ്റ് മറക്കണ്ട ,
ഡിസംബര്‍ 21 !

യാതൊരു അമിത പ്രതീക്ഷകളുമില്ലാതെ കണ്ടിരിക്കാവുന്ന ഒരു കുടുംബചിത്രമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ദിഖ്, ശാന്തീകൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാള സിനിമയിലെ സ്പാനിഷുകാരനായ ആദ്യ ക്യാമറാമാന്‍
ജോര്‍ഡി പ്ലാനല്‍ ക്ലോസയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.  അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പശ്ചാത്തല സംഗീതത്തിന് ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കിയിട്ടുള്ള ഗോപി സുന്ദറാണ് ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഒരുക്കിയിട്ടുള്ളത്.
കോമഡിഡ്രാമയായി ഒരുക്കിയിട്ടുള്ള ചിത്രം തിയേറ്ററുകളിലേക്കെത്തുമ്പോള്‍ നമുക്ക് ടൊവിനോയുടെ ഉമ്മയെക്കാണാം. ടോവിനോ പറഞ്ഞത് പോലെ തന്നെ, ‘അമ്മ’ എന്ന ‘ഉമ്മ’യെ..

DONT MISS
Top