ബോക്‌സോഫീസില്‍ ഒടിയന്റെ തേരോട്ടം; മൂന്ന് ദിവസംകൊണ്ട് വാരിയെടുത്തത് 60 കോടി

ആദ്യത്തെ ദിവസത്തിന് ശേഷം മികച്ച അഭിപ്രായം തിരികെപ്പിടിച്ച ഒടിയന്‍ മലയാള സിനിമാ വ്യവസായത്തിലെ നാഴികക്കല്ലാകുന്നു. എല്ലാവിധ റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ച ഒടിയന്‍ ഇപ്പോള്‍ കുടുംബങ്ങളും ഏറ്റെടുത്തിട്ടുണ്ട്. തിരക്കുമൂലം പാതിരാത്രിക്ക് ഷോ വയ്‌ക്കേണ്ട അവസ്ഥ ഇന്നലെ ചില തിയേറ്ററുകളിലുണ്ടായി.

ബോക്‌സോഫീസിലും എതിരാളികളില്ലാതെ കുതിക്കുകയാണ് ഒടിയന്‍. മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ എത്തിയപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിക്കുന്ന ആഗോള ബിസിനസ് കണ്ട് അതിശയിക്കുകയാണ് സിനിമാ സ്‌നേഹികള്‍. 60 കോടി രൂപയാണ് മൂന്ന് ദിനങ്ങള്‍കൊണ്ട് ഒടിയന്‍ നേടിയത്.

ആഗോള കളക്ഷനില്‍ 32.99 കോടി രൂപയാണ് ആദ്യദിനം ഒടിയന്‍ നേടിയത്. ഇതില്‍ 16.48 കോടി ഇന്ത്യയില്‍ നിന്നും ബാക്കി വിദേശത്തുനിന്നും നേടി. ബോളിവുഡ്-കോളിവുഡ് അല്ലെങ്കില്‍ ടോളിവുഡ് ബിസിനസുകള്‍ക്കൊപ്പമാണ് ഈ തുക. രണ്ടായിരത്തിനും രണ്ടായിരത്തഞ്ഞൂറിനും ഇടയില്‍ തിയേറ്ററുകളിലാണ് ഒടിയന്‍ റിലീസായത്. ആദ്യ ദിവസം 12000 ഷോകളാണ് കളിച്ചത്.

ആദ്യം ചിത്രത്തിലെ ഓരോ ഭാഗത്തേയും വിമര്‍ശിച്ച കാണികള്‍ പിന്നീടുള്ള ദിവസങ്ങളില്‍ കൂടുതല്‍ പക്വതയാര്‍ന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ആരാധകര്‍ക്ക് ആഘോഷിക്കാനില്ലാത്ത ചിത്രം നല്ല സിനിമാ ആരാധകര്‍ക്ക് മികച്ച വിരുന്നൊരുക്കുന്നു. പീറ്റര്‍ ഹെയ്‌ന്റെ ആക്ഷനും എം ജയചന്ദ്രന്റെയും സാം സിഎസിന്റെയും സംഗീതവും ഷാജികുമാറിന്റെ ഛായാഗ്രഹണവും മികച്ചുനിന്നു. എല്ലാറ്റിനും മുകളില്‍ മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ മികച്ച പ്രകടനം ഒടിയന്‍ എന്ന ചിത്രത്തെ അനന്യസാധാരണമായ അനുഭവമാക്കുന്നു.

വരുന്ന ക്രിസ്മസ് അവധി പ്രതീക്ഷയോടെ മുന്നില്‍കാണുന്ന അണിയറ പ്രവര്‍ത്തകര്‍ കുറഞ്ഞത് 150 കോടി കളക്ഷനാണ് മുന്നില്‍കാണുന്നത്. പുലിമുരുകനും കായംകുളം കൊച്ചുണ്ണിയും മാത്രമാണ് ഇതിനോടകം 100 കോടി ക്ലബില്‍ കടന്ന മലയാള ചിത്രങ്ങള്‍. ഒടിയനും 100 കോടി ക്ലബ്ബില്‍ കടന്നാല്‍ കളക്ഷന്‍ അടിസ്ഥാനത്തില്‍ ഒരുപിടി മികവാര്‍ന്ന റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരില്‍ കുറിക്കപ്പെടും.

DONT MISS
Top