‘കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരഭിപ്രായം ഇപ്പോഴില്ല’; രണ്ടാമൂഴത്തിന്റെ ഭാവി അച്ഛന്‍ തീരുമാനിക്കുമെന്ന് എംടിയുടെ മകള്‍

ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഒടിയന്‍ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ആരാധകരടക്കം ഏറെയും പേര്‍ അറിയാനാഗ്രഹുന്നത് രണ്ടാമൂഴത്തെക്കുറിച്ചാണ്. സിനിമ ആര് ചെയ്യും ആര് അഭിനയിക്കും എന്ന കാര്യത്തിലാണ് ഏറെയും പേര്‍ സംശയമുന്നയിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ രണ്ടാമൂഴം തന്റെ അച്ഛന്റെ പ്രതീക്ഷയാണെന്നും അന്തിമതീരുമാനം അച്ഛന്റേതായിരിക്കുമെന്നും വെളിപ്പെടുത്തി മകള്‍ അശ്വതി നായര്‍ രംഗത്ത് വന്നിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അശ്വതി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

കോടതിയില്‍ കേസ് നിലനില്‍ക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛന്‍ എംടി വാസുദേവന്‍ നായര്‍ക്ക് തിരികെ ലഭിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം ഭാവി കാര്യങ്ങള്‍ അച്ഛന്‍ തീരുമാനിക്കുമെന്നും അശ്വതി പറഞ്ഞു.

വിഖ്യാത നോവലായ രണ്ടാമൂഴം അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ചിത്രത്തില്‍ നിന്ന് കഴിഞ്ഞ ഒക്ടോബറില്‍ എംടി പിന്‍വാങ്ങുകയായിരുന്നു. രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ താത്പര്യമറിയിച്ച സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനുമായുള്ള നാലു വര്‍ഷത്തെ കരാറില്‍ നിന്നുമാണ് എംടി പിന്‍വാങ്ങിയത്. കരാര്‍ കാലം കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം നടന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എംടി തിരക്കഥ തിരികെ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. തിരക്കഥയ്ക്ക് വേണ്ടി താന്‍ നടത്തിയ അദ്ധ്വാനമോ പരിശ്രമമോ സംവിധായകന്‍ പരിഗണിച്ചില്ലെന്നും എംടി കോടതിയെ ചൂണ്ടിക്കാണിച്ചു.

ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍’ പുറത്തിറങ്ങിയതിന് ശേഷം, രണ്ടാമൂഴത്തില്‍ ശ്രീകുമാര്‍ കൈവെക്കുകയാണെങ്കില്‍ കൈവെട്ടുമെന്നതടക്കം നിരവധി ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും രണ്ടമൂഴവുമായി മുന്നോട്ട് പോകുമെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞ സാഹചര്യത്തില്‍ ഏറെയും പേര്‍ ആകാംക്ഷയോടെ ചോദിച്ച ചോദ്യവും രണ്ടാമൂഴത്തില്‍ ഇനി ആരെന്നതാണ് . കരാര്‍ പ്രകാരം ഭീമനായി മോഹന്‍ലാല്‍ എത്തുമെന്നായിരുന്നു വാര്‍ത്തകള്‍ . എന്നാല്‍ കേസ് നടക്കുന്നതിന്റെ സാഹചര്യത്തില്‍ ഒരു അന്തിമ വിധിക്കായി കാത്തിരിക്കേണ്ടിയിരിക്കുന്നു. രണ്ടാമൂഴത്തില്‍ പറയുന്നത് പോലെ ‘മൃഗത്തെ വിട്ടുകളയാം, പക്ഷേ മനുഷ്യന് രണ്ടാമതൊരവസരം നല്‍കരുത് എന്ന നിലപാടാവുമോ എംടിയുടേതെന്ന് കാത്തിരുന്ന് കാണാം. എന്തായാലും ഭീമന് വിജയിച്ചേ പറ്റൂ.

DONT MISS
Top