സിഖ് വിരുദ്ധ കലാപം മനുഷ്യവര്‍ഗ്ഗത്തോടുള്ള കുറ്റകൃത്യം; ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള ഗുജറാത്ത്, മുസാഫര്‍നഗര്‍ മുംബൈ, കാണ്ഡമാല്‍ കൂട്ടക്കുരുതികള്‍ സമാനമെന്നും ദില്ലി ഹൈക്കോടതി

1984ലെ സിഖ് വിരുദ്ധ കലാപം മനുഷ്യവര്‍ഗ്ഗത്തോടുള്ള കുറ്റകൃത്യം എന്ന് ദില്ലി ഹൈക്കോടതി. ന്യൂനപക്ഷണങ്ങളെ ലക്ഷ്യം വച്ചുള്ള ഗുജറാത്ത്, മുസാഫര്‍നഗര്‍, മുംബൈ, കാണ്ഡമാല്‍ കലാപങ്ങളിലെ കൂട്ടക്കുരുതികളും പോലീസിന്റെ സഹായത്തോടെ രാഷ്ടീയ പാര്‍ട്ടികള്‍ നടത്തിയത് എന്ന് ദില്ലി ഹൈക്കോടതി.

1984 ലെ സിഖ് വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് സജ്ജന്‍കുമാറിനെ ജീവപര്യന്തം ശിക്ഷിച്ച് പുറപ്പെടുവിച്ച വിധിയിലാണ് കലാപത്തിനെ മനുഷ്യവര്‍ഗ്ഗത്തോട് ഉള്ള കുറ്റകൃത്യം എന്ന് ദില്ലി ഹൈക്കോടതി വിശേഷിപ്പിച്ചിരിക്കുന്നത്. 1947ല്‍ വിഭജന കാലത്ത് നടന്ന കൂട്ടക്കൊലയ്ക്ക് സമാനമായ ദുരന്തമാണ് സിഖ് വിരുദ്ധ കലാപ സമയത്ത് അരങ്ങേറിയത് എന്ന് കോടതി നിരീക്ഷിച്ചു. ഇപ്പോഴും ഇതിന്റെ അലയൊലി അവസാനിച്ചിട്ടില്ല എന്നും വിധിയില്‍ കോടതി രേഖപ്പെടുത്തി.

1984 നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ദില്ലിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉണ്ടായ സിഖ് വിരുദ്ധ കലാപത്തിന് പിന്നില്‍ രാഷ്ട്രീയ കളിക്കാര്‍ ആയിരുന്നു. ഇവര്‍ക്ക് പോലീസിന്റെ പിന്തുണ ലഭിച്ചിരുന്നു. അതിനാലാണ് മനുഷ്യവര്‍ഗ്ഗത്തോട് ഉള്ള കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 1915 ല്‍ അര്‍മേനിയക്കാരെ കുര്‍ദുകളും തുര്‍ക്കിക്കാരും കൊന്നൊടുക്കിയതിനെ ബ്രിട്ടന്‍, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങള്‍ സംയുക്തമായി മനുഷ്യവര്‍ഗ്ഗത്തോടുള്ള കുറ്റകൃത്യം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നാസി ക്രിമിനലുകളെ വിചാരണ ന്യൂറംബര്‍ഗില്‍ രൂപീകരിച്ച ട്രിബ്യുണല്‍ മനുഷ്യവര്‍ഗ്ഗത്തോടുള്ള കുറ്റകൃത്യത്തിന് നിരവധി പേരെ ശിക്ഷിച്ചിരുന്നു.

സിഖ് വിരുദ്ധ കലാപത്തില്‍ ദില്ലിയില്‍ മാത്രമായി 2733 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യ ഒട്ടാകെ 3350 പേരും. എന്നാല്‍ ഇന്ത്യയില്‍ ഇതിന് സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1993ലെ മുംബൈ കലാപം, 2002 ലെ ഗുജറാത്ത് കലാപം, 2008 ലെ ഒറീസ്സയിലെ കാണ്ഡമാലില്‍ ഉണ്ടായ കലാപം, 2013 ല്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഉണ്ടായ കലാപമൊക്കെ സമാന സ്വഭാവങ്ങള്‍ ഉള്ളവയായിരുന്നു.

ഇവിടെയൊക്കെ ശക്തരായ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസിന്റെ സഹായത്തോടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ കലാപം അഴിച്ചു വിടുകയായിരുന്നു. കലാപകാരികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുകയും അവര്‍ നിയമത്തിന്റെ വിചാരണയില്‍ നിന്ന് രക്ഷപെടുകയും ചെയ്തിരുന്നതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മനുഷ്യവര്‍ഗ്ഗത്തോട് ഉള്ള കുറ്റകൃത്യങ്ങളും വംശഹത്യയും തടയുന്നതിന് നിയമത്തില്‍ ഉള്ള പോരായ്മകള്‍ നികത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഡല്‍ഹി കന്റോണ്‍മെന്റിന് സമീപത്തുള്ള രാജ നഗറിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി ഹൈക്കോടതി കണ്ടെത്തിയത്. കൊലപാതകം, സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുക പൊതു മുതല്‍ നശിപ്പിക്കുക എന്നിവയാണ് സജ്ജന്‍ കുമാറിന് എതിരായ കുറ്റങ്ങള്‍.

സജ്ജന്‍കുമാറിനെ കുറ്റവിമുുക്തനാക്കിയ വിചാരണ കോടതി ഉത്തരവ് ഡല്‍ഹി ഹൈകോടതി റദ്ദാക്കി. കലാപത്തില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസമാണ് ഹൈക്കോടതി വിധി. ഗാന്ധി കുടുംബത്തിന് വേണ്ടി കോണ്‍ഗ്രസ് മൂടിവയ്ക്കാന്‍ ശ്രമിച്ചതെല്ലാം പുറത്തു വരികയാണെന്ന് ബിജെപി ആരോപിച്ചു. വൈകി വന്ന വിധിയെ സിഖ് സംഘടനകള്‍ സ്വാഗതം ചെയ്തു.

DONT MISS
Top