ദില്ലിയില്‍ മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍; സംഭവം നിര്‍ഭയയുടെ ആണ്ടോര്‍മ്മയുടെ വേളയില്‍

ദില്ലി: രാജ്യം നടുങ്ങിയ നിര്‍ഭയ മാനഭംഗത്തിന് ആറ് വര്‍ഷം തികയുന്ന വേളയില്‍ ദില്ലിയില്‍ വീണ്ടും പീഡനം. ദില്ലിയിലെ ദ്വാരകയില്‍ മൂന്ന് വയസ്സുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. സുരക്ഷാ ഉദ്യോഗസ്ഥനായ റണ്‍ജീത്(40) ആണ് മാതാപിതാക്കളില്ലാതിരുന്ന സമയത്ത് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പ്രതിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ വീടിരിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് റണ്‍ജീത് താമസിച്ചിരുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ പുറത്ത്‌പോയ സമയം നോക്കിയാണ് ഇയാള്‍ കുറ്റകൃത്യം ചെയ്തത്. സംഭവം അറിഞ്ഞ നാട്ടുകാര്‍ പ്രതിയെ തല്ലിച്ചതച്ചതിന് ശേഷമാണ് പൊലീസിന് കൈമാറിയത്. ഇയാള്‍ക്കെതിരെ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങളില്‍ ദില്ലി മുന്നിലാണ്. രാജ്യം വിതുമ്പിയ നിര്‍ഭയ കടന്നുപോയിട്ട് ആറ് വര്‍ഷം തികയുന്ന വേളയിലും ഇത്തരം കേസുകളില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് നിര്‍ഭയ ക്രൂരമായ പീഡനത്തിനിരയായത്. ഇന്നലെ നിര്‍ഭയയ്ക്ക് ആറാണ്ടിന്റെ നീറുന്ന ഓര്‍മയായിരുന്നു. ഇപ്പോഴും തന്റെ മകള്‍ക്ക് നീതി കിട്ടിയിട്ടില്ലെന്ന് അമ്മ ആശ ദേവി പറഞ്ഞു. അവളെ പിച്ചിച്ചീന്തിയവര്‍ ഇപ്പോഴും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നത് ഇവിടത്തെ നിയമ സംവിധാനത്തിന്റെ പോരായ്മയെന്നും അവര്‍ കുറ്റപ്പെടുത്തി.

സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിലൂടെയാവണം നിര്‍ഭയയുടെ ഓര്‍മ്മ നമ്മുടെ മനസ്സുകളില്‍ നിലനില്‌ക്കേണ്ടതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.

DONT MISS
Top