ഐഎസ്എല്‍: തോല്‍വിയുടെ ആഴത്തിന് മാത്രം പുരോഗമനം; സമ്പൂര്‍ണ ദുരന്തമായി ബ്ലാസ്‌റ്റേഴ്‌സ്

മുംബൈ: സ്ഥിരമായി സമനിലയും പരാജയവും നേടുന്ന ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈയ്ക്ക് എതിരായും തോല്‍വി ഏറ്റുവാങ്ങി. 6-1 എന്ന കനത്ത പരാജയമാണ് ബ്ലാസ്റ്റേഴ്‌സിന് നേരിടേണ്ടിവന്നത്. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകളും രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകളും എന്ന രീതിയില്‍ ഒരു സമ്പൂര്‍ണ മുംബൈ ഷോയാണ് അവരുടെതന്നെ ഹോംഗ്രൗണ്ടില്‍ കണ്ടത്.

അവസാന സമയത്തുംമറ്റും പൂര്‍ണമായി കളി കൈവിട്ടവരേപ്പോലെ തോന്നിച്ച കേരളത്തിന്റെ കളിക്കാര്‍ ചോദിച്ചുവാങ്ങിയ ഗോളുകളും കാണാനായി. 12-ാം മിനുട്ടില്‍ മോഡു നേടിയ ഗോള്‍ ആഘോഷം മുംബൈ അവസാനിപ്പിച്ചത് അവസാന മിനുട്ടിലാണ്. കൃത്യമായ ഇടവേളകളില്‍ അവര്‍ ഗോളുകള്‍ നേടിക്കൊണ്ടിരുന്നു. അവസാന മിനുട്ടിലുള്‍പ്പെടെ ഗോള്‍ നേടിക്കൊണ്ട് മൊത്തം ഗോള്‍ നേട്ടം നാലായി ഉയര്‍ത്തിയ മോഡുതന്നെയാണ് കളിയിലെ കേമന്‍.

രണ്ട് ഗോളിന് പിന്നില്‍ നിന്ന സമയത്ത് ഡുംഗല്‍ തിരിച്ചടിച്ച ഒരേയൊരു ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വസിക്കാന്‍ വകയുള്ളത്. അഴിഞ്ഞുപറിഞ്ഞ പ്രതിരോധവും ഒരു സങ്കല്‍പം മാത്രമായ മിഡ്ഫീല്‍ഡും മുംബൈ കളിക്കാര്‍ തകര്‍ത്തുകളഞ്ഞു. ഇതോടെ എട്ട് കളികളില്‍ അജയ്യരായി മുംബൈ തുടരുകയാണ്. കേരളമാകട്ടെ ആദ്യ കളിയില്‍ ഒഴിച്ച് ഇതുവരെ ഒരു വിജയം നേടിയിട്ടില്ല.

കളിയില്‍ മികച്ച പ്രകടനം നടത്താതിരുന്ന ബ്ലാസ്റ്റേഴ്‌സ് നിരന്തരം ഫൗളുകള്‍ ചെയ്തുകൊണ്ടേയിരുന്നു. ഒന്നാം പകുതിയില്‍ത്തന്നെ റാഫേല്‍ ബാസ്റ്റോസിനെ ഫൗള്‍ ചെയ്തതിന് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡും വാങ്ങി സക്കീര്‍ പുറത്തുപോയി. അര്‍ണാള്‍ഡോ ഇസോക്കുവിനെ ഫൗള്‍ ചെയ്ത് മഞ്ഞക്കാര്‍ഡ് അദ്ദേഹം നേരത്തെ വാങ്ങിയിരുന്നു.

ഇന്നത്തെ കളിയോടെ ബ്ലാസ്‌റ്റേഴ്‌സിന് ഈ സീസണില്‍ ഇനിയൊരു മടങ്ങിവരവില്ല എന്നുറപ്പിക്കാം. മികച്ച കളിക്കാര്‍ ജനുവരിയെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ വരുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. എങ്കില്‍ത്തന്നെയും ഡേവിഡ് ജെയിംസിന്റെ ആവനാഴിയില്‍ ഇനിയും തന്ത്രങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല.

DONT MISS
Top