‘ഒടിയന്റെ മേക്കോവറിനു വേണ്ടി ലാലേട്ടന്‍ സഹിച്ച വേദനയെങ്കിലും പരിഗണിക്കണം’; സൈബര്‍ ആക്രമണങ്ങള്‍ക്ക് നേരെ പ്രതികരിച്ച് മേജര്‍ രവി

മോഹന്‍ലാല്‍- ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ മേജര്‍ രവി രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് മേജര്‍ രവി തന്റെ അഭിപ്രായം പങ്കുവെച്ചത്. നെഗറ്റിവിറ്റി പരത്തി നല്ലൊരു ക്ലാസ് ചിത്രത്തെ കൊല്ലരുതെന്നും ഒടിയന്‍ മാണിക്യനാവാന്‍ ലാലേട്ടന്‍ സഹിച്ച വേദനയെങ്കിലും പരിഗണിക്കണമെന്നും മേജര്‍ രവി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ചിത്രം തനിക്ക് നല്‍കിയത് മണ്‍മറഞ്ഞ പഴങ്കഥകളിലേക്കുള്ള ഗൃഹാതുരതയെന്നും മേജര്‍ രവി പറഞ്ഞു.

“ഒടിയന്‍ ഒരു ക്ലാസ് ചിത്രമാണ്. അമിതമായ പ്രചാരണമാണ് ചിത്രത്തിന്റെ പേരില്‍ ആരാധകര്‍ക്ക് ഇപ്പോഴുള്ള നിരാശകള്‍ ഉണ്ടാവാനുള്ള കാരണം, മേജര്‍ രവി പറഞ്ഞു. പല കാരണങ്ങള്‍ കൊണ്ടും ഫെയ്‌സ് ബുക്കില്‍ നിന്ന് കുറച്ച് നാളുകളായി വിട്ട് നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഒടിയന്‍ കണ്ടതിന് ശേഷം ചിത്രത്തെക്കുറിച്ച് എനിക്കെന്താണ് തോന്നിയതെന്ന് പറയണമെന്ന് തോന്നി”. ഇങ്ങനെയാണ് മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

“ഒടിയന്‍ എന്ന ആശയത്തെപ്പറ്റിയുള്ള ഗൃഹാതുരതയെ മടക്കി തന്ന ഒരു ക്ലാസ് ചിത്രമാണ് ഒടിയന്‍’. ലാല്‍ സാറിന്റെയും മൊത്തം ടീമിന്റെയും വളരെ മികച്ച പരിശ്രമത്തിന്റെ ഫലമാണത്. ഒരു പക്ഷേ അമിതമായ പ്രൊമോഷന്‍ കൊണ്ട് പ്രേക്ഷകര്‍ക്ക് അവര്‍ ഉദ്യേശിച്ച തലത്തിലേക്ക് ചിത്രം എത്തിയില്ല എന്ന് തോന്നാം. അതായിരിക്കാം അവരെ നിരാശപ്പെടുത്തിയിരിക്കുന്നത്. നെഗറ്റിവിറ്റി കൊണ്ട് ഒരു ചിത്രത്തെ കൊല്ലരുത്. ആ മേക്കോവറിന് വേണ്ടി ലാലേട്ടന്‍ സഹിച്ച വേദന എങ്കിലും മനസ്സിലാക്കണം. എല്ലാ വിജയങ്ങളും നേരുന്നു… “മേജര്‍ രവി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എനിക്കെതിരെ വ്യക്തിപരമായ അജണ്ടയാണ് ചിലര്‍ക്കുള്ളതെന്നും, ആക്രമിക്കുന്നത് ഫാന്‍സുകാരല്ല, കൂലിയെഴുത്തുകാരാണെന്നും ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന്  നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രം റിലീസ് ചെയ്ത അന്നു മുതല്‍ സംവിധായകന് നേരെയും സിനിമക്ക് നേരെയും വന്‍തോതില്‍ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.

DONT MISS
Top