കൊച്ചിയില്‍ വെടിവെപ്പ് നടന്നത് ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നടിയുടെ പാര്‍ലറില്‍; അധോലോക ബന്ധമെന്ന് സൂചന

കൊച്ചി: കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന വെടിവെപ്പ് കേസില്‍ അധോലോക ബന്ധമുള്ളതായി സൂചന. കൊച്ചി പനമ്പള്ളി നഗറിലെ ദി നെയില്‍ ആര്‍ട്ടിസ്റ്ററി എന്ന ആഢംബര ബ്യൂട്ടി പാര്‍ലറിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. നടിയും ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ളതാണ് ബ്യൂട്ടി പാര്‍ലര്‍ . സംഭവം നടക്കുന്നതിന് മുന്‍പ് തന്നെ ലീന പോളിന് പണം ആവശ്യപ്പെട്ട് കൊണ്ട് ഫോണ്‍ കോള്‍ വന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഉച്ചയോടെ ബൈക്കിലെത്തിയ സംഘം രണ്ടാം നിലയിലെ ബ്യൂട്ടി പാര്‍ലറിലേക്ക് കയറിപ്പോവുകയായിരുന്നു. രണ്ടാം നിലയില്‍ സെക്യൂരിറ്റിയുടെ അടുത്തായി ഹിന്ദിയില്‍ അധോലോക നായകന്‍ രവി പൂജാരിയുടെ പേരെഴുതിയ കടലാസുകഷണം നിക്ഷേപിച്ച് തിരിച്ചിറങ്ങുന്നതിനിടെയാണ് സെക്യൂരിറ്റിയെ ലക്ഷ്യമാക്കി വെടിയുതിര്‍ത്തത്. സംഭവം നടക്കുന്നതിന് മുമ്പ് തന്നെ ലീന പോളിന് രവി പൂജാരിയുടേതെന്ന പേരില്‍ ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഇതില്‍ ഇവരോട് 25 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു സന്ദേശം. ഇതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്.

2013 ല്‍ ചെന്നൈ കാനറാ ബാങ്കില്‍ നിന്ന് 19 കോടി രൂപ തട്ടിയെടുത്തതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് സ്ഥാപന ഉടമ ലീനാ പോള്‍. സംഭവത്തിന് പിന്നില്‍ കൊച്ചിയിലെ പ്രാദേശിക ക്വട്ടേഷന്‍ സംഘമാവാം എന്ന നിലപാടിലാണ് പോലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. എന്നാല്‍ ബൈക്കില്‍ എത്തിയ സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നാണ്
ദൃക്‌സാക്ഷികള്‍ പറയുന്നത്.

DONT MISS
Top