പ്രതീക്ഷകള്‍ക്ക് ‘ഒടി’ വെച്ച ‘ഒടിയന്‍’

രാത്രിയുടെ രാജാവിന്റെ പെരുംകഥയുമായി ഒടിയന്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് വിരാമമിട്ട് ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ഒടിയന്‍’ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു എന്ന് വേണം പറയാന്‍. പോത്തായും നരിയായും പരകായ പ്രവേശം നടത്താന്‍ കഴിയുന്ന, കൂട് വിട്ട് കൂട് മാറുന്ന, ‘ഒടി’ വെളിപ്പെടുത്താത്ത പഴംങ്കഥകളിലെ സങ്കല്പമാണ് ഒടിയന്‍. കരിമ്പടവും ഇരുട്ടും ഏകാന്തതയും ആയിരുന്നു അവരുടെ നേരങ്ങള്‍. കാലവും കാതുകളും നിറംപിടിപ്പിച്ച കഥകള്‍. ആ ‘ഒടിയന്‍’ ആണ് പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍ ചിത്രം നിരാശപ്പെടുത്തി എന്ന് തന്നെ വേണം പറയാന്‍.

തെങ്കുറിശ്ശി എന്ന പാലക്കാടന്‍ ഗ്രാമത്തിന്റെ പേടിസ്വപ്‌നവും ഒരുതരത്തില്‍ സൂപ്പര്‍ ഹീറോയുമാണ് ‘ഒടിയന്‍ മാണിക്യന്‍’ എന്ന മോഹന്‍ലാല്‍ കഥാപാത്രം. 15 വര്‍ഷങ്ങള്‍ നീണ്ട യാത്രക്ക് ശേഷം ഇരുട്ടിന്റെ മറവിലൂടെ തന്റെ ഗ്രാമത്തിലേക്ക് അയാള്‍ തിരിച്ചെത്തുന്നതിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഒടിവിദ്യ സ്വായത്തമാക്കിയ കുടുംബത്തിലെ അവസാന കണ്ണിയാണ് അയാള്‍. വാരണാസിയില്‍ നിന്ന് തിരിച്ചെത്തുന്ന മാണിക്യന് ഓര്‍ക്കാനും ഒടിവെക്കാനും പലതും ബാക്കിവെച്ചാണ് പൂര്‍വകാലങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒടിവിദ്യയില്‍ അതികായനായ മുത്തച്ഛന്‍ എല്ലാ അടവുകളും മാണിക്യന് പഠിപ്പിച്ച് കൊടുക്കുന്നുണ്ട് . എന്നാന്‍ ഒരു പോത്തിന്റെ തലവെച്ചുള്ള വെറും അഭ്യാസപ്രകടനങ്ങള്‍ മാത്രമായിപ്പോകുന്നുണ്ട് ചിത്രത്തിലെ ഒടിവിദ്യ. ഒടിയന്‍ എന്ന സങ്കല്പം തരുന്ന നവ്യാനുഭവം കഥയിലും ചിത്രത്തിന്റെ അവതരണത്തിളും പാളിപ്പോയെന്ന് വേണം പറയാന്‍.

ചെറുപ്പകാലം മുതല്‍ക്കെ മാണിക്യന്‍ മനസ്സില്‍ ആരാധിച്ചിരുന്ന, കളിക്കൂട്ടുകാരിയായിരുന്ന പ്രഭ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. തമ്പുരാട്ടി കഥാപാത്രങ്ങള്‍ പലതും ഇതിന് മുന്‍പും മഞ്ജുവിന് ലഭിച്ചിരുന്നെങ്കിലും തികച്ചും മിതത്വമായ മറ്റൊരു കഥാപാത്രമാണ് പ്രഭ. വളരെ കാലങ്ങള്‍ക്ക് മുന്നേ ഒറ്റയ്ക്കായിപ്പോയ പ്രഭയ്ക്കും അനിയത്തി മീനാക്ഷിക്കും മാണിക്യനാണ് പലസന്ദര്‍ഭങ്ങളിലും തുണയാവുന്നത്. ഇത് പ്രഭയെ മനസ്സില്‍ കൊണ്ട് നടക്കുന്ന രാവുണ്ണി എന്ന പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചിത്രത്തിലുടനീളം അലോസരപ്പെടുത്തുന്നുണ്ട്.

പ്രണയമെന്ന വാക്ക് കൊണ്ട് നിര്‍വചിക്കാനാവത്തത്ര ആത്മ ബന്ധം ആണ് പ്രഭയും മാണിക്യനും തമ്മില്‍. ഏത് ഒടിയനും പേടിക്കുന്ന പൗര്‍ണമി രാത്രിയിലാണ് പ്രഭയുടെ കല്യാണം നടക്കുന്നത്. തുടര്‍ന്നുണ്ടാവുന്ന സംഭവ  വികാസങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തെങ്കുറിശ്ശിയുടെ ഒടിയന്‍ പലപ്പോഴും ചിലകഥാപാത്രങ്ങളുടെ ജീവിതത്തിലേക്ക് മാത്രം ഒതുങ്ങിപ്പോവുന്നത് ഒടിയന്‍ എന്ന സങ്കല്പം തന്നെ ഉടഞ്ഞുപോകുന്നതാക്കുന്നു. നാട് വിട്ട് പോകുന്ന മാണിക്യന്‍ വാരണാസിയില്‍ എത്തുകയാണ് . തുടക്കത്തിന്‍ കാണിക്കുന്ന വാരാണായിയിലെ ഭാഗം സിനിമക്ക് നല്ലൊരു ഇന്‍ട്രൊഡക്ഷന്‍ നല്‍കിയെങ്കിലും പോകെപ്പോകെ അത് നഷ്ടമാവുകയാണ് ചിത്രത്തില്‍. ഗാനരംഗങ്ങളില്‍പ്പോലും പാലക്കാടന്‍ നാടിന്റെ ഗൃഹാതുരത്വമോ ബന്ധങ്ങളിലെ ഇഴയടുപ്പമോ കാണാന്‍ സാധിച്ചില്ല.
ചിത്രത്തിലെ പല കഥാപാത്രങ്ങളും മിതത്വം പാലിച്ച് കൊണ്ട് കടന്ന്‌പോകുന്നവരാണ് . സംഘട്ടന രംഗങ്ങള്‍ പലതും എസ്റ്റാബ്ലിഷ് ആവാതെപോവുന്നുണ്ട്. മോഹന്‍ലാല്‍ എന്ന നടന്റെ ശരീരഭാഷ ഉപയോഗിച്ചിട്ടുണ്ടെങ്കിലും നന്നായി കൈകാര്യം ചെയ്യാന്‍ സാധിച്ചുവോ എന്ന ചോദ്യം ചിത്രം ബാക്കിവെക്കുന്നുണ്ട്. ചന്ദ്രോത്സവം, പുലിമുരുകന്‍ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളിലെ കണ്ട് ശീലിച്ച രസക്കൂട്ടുകളുടെ തനിയാവര്‍ത്തനം ഒടിയനിലും കാണാന്‍ സാധിക്കുന്നുണ്ട്.

അമിത പ്രതീക്ഷകള്‍ മനസ്സില്‍ വെച്ച് കാണാനെത്തുന്നവര്‍ക്ക് ചിത്രം നിരാശ പകരുമെങ്കിലും ഒരു പ്രതീക്ഷകളും ഇല്ലാതെ കാണുന്നവര്‍ക്ക് സിനിമ ഒരു ആവറേജ് സുഖം നല്‍കുന്നുണ്ട്. ചിത്രത്തില്‍ ഇന്നസെന്റ് കൈകാര്യം ചെയ്യുന്ന കഥാപാത്രം പറയുന്നത് പോലെ, രാത്രിയില്‍ വന്ന് അയാള്‍ എന്തൊക്കെയോ മായാജാലം കാണിക്കുന്നു. ബാക്കി എല്ലാം നമ്മുടെ തോന്നലുകള്‍ മാത്രം.. വെറും തോന്നലുകള്‍. ആദ്യചിത്രത്തിന്റെ പോരായ്മകള്‍ മനസ്സിലാക്കി ഒരു രണ്ടാമൂഴത്തിന് സംവിധായകന്‍ തയ്യാറാകുമോ എന്ന് കാത്തിരിക്കാം.

DONT MISS
Top