കള്ളന്മാര്‍ സൂക്ഷിക്കുക, പിന്തുടരാനാളുണ്ട്; മാല മോഷ്ടിച്ച് കടന്ന കള്ളനെ പിടികൂടി യുവതി

പ്രതീകാത്മക ചിത്രം

റാന്നി: രാത്രിയില്‍ മാല കവര്‍ന്ന യുവാവിനെ യുവതി സ്‌കൂട്ടറില്‍ ഫോളോ ചെയ്ത് ഇടിച്ചു വീഴ്ത്തി. നാല് കിലോമീറ്ററോളം പിന്തുടര്‍ന്നാണ് യുവതി കള്ളനെ പിടികൂടിയത്. രാത്രിയില്‍ ജനാലയിലൂടെ മാല കവര്‍ന്ന കള്ളനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു . അവിടെ നിന്നും രക്ഷപ്പെട്ട കള്ളന്‍ നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ എടുക്കാന്‍ തിരിച്ച് വന്നപ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.

വ്യഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോഷണം നടന്നത്. നീളമുള്ള കമ്പി ഉപയോഗിച്ച് തുറന്ന് കിടന്ന ജനലിലൂടെയാണ് കള്ളന്‍ മാല മോഷ്ടിച്ചത്. കട്ടിലില്‍ ഊരി വെച്ചിരുന്ന മാല എടുത്ത ശേഷം അവിടെത്തന്നെയുള്ള മൊബൈല്‍ഫോണ്‍ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് യുവതി ശബ്ദം കേട്ട് ഉണര്‍ന്നത്.

വടശ്ശേരിക്കര മുള്ളന്‍പാറത്തടത്തില്‍ ജോസഫിന്റെ ഭാര്യ സോജയാണ് കള്ളനെ സാഹസികമായി പിടികൂടിയത്. നാല് പവന്റെ മാല കവര്‍ന്ന കള്ളനെ പിടികൂടാന്‍ കള്ളന് പിന്നാലെ തന്റെ സ്‌കൂട്ടറെടുത്ത് സോജയും ഇറങ്ങിയതോടെയാണ് സംഭവം മാറിമറിയുന്നത്. റോഡരികില്‍ വീടുകളുള്ള ഭാഗം എത്തിയപ്പോള്‍ സ്‌കൂട്ടറുപയോഗിച്ച് യുവാവിന്റെ ബൈക്ക് ഇടിച്ച് വീഴ്ത്തി. ഇയാളുമായി മല്‍പ്പിടുത്തം നടത്തുന്നതിനിടയില്‍ സോജ ശബ്ദം ഉയര്‍ത്തുകയും തുടര്‍ന്ന് നാട്ടുകാര്‍ ഉണരുകയുമായിരുന്നു. ഭര്‍ത്താവും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും കള്ളന്‍ സോജയെ ഉപദ്രവിച്ച് രക്ഷപ്പെട്ടു.

യുവാവിന്റെ മൊബൈല്‍ഫോണും ബൈക്കിന്റെ നമ്പര്‍ പ്ലേറ്റിന്റെ ഭാഗവും ഉപേക്ഷിച്ചാണ് കള്ളന്‍ കടന്ന് കളഞ്ഞത്. പിറ്റേന്ന് നഷ്ടപ്പെട്ട വസ്തുക്കള്‍ തെരഞ്ഞുവന്ന കള്ളനെ നടക്കാനിറങ്ങിയ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇയാളെ കാണാനിടവരുകയും സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.
തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും നഷ്ടപ്പെട്ട മാല യുവാവിന്റെ ബൈക്കില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.

ഇതിന് മുന്‍പും മറ്റ് മോഷണക്കെസുകളിലെ കള്ളന്മാരെ സോജ ബുദ്ധിപൂര്‍വ്വം പിടികൂടിയിട്ടുണ്ട്. നാല് പവന്‍ കവര്‍ന്ന കള്ളനെ പിടികൂടുകയായിരുന്നു ലക്ഷ്യം, അതാണ് ധൈര്യം നല്‍കിയതെന്നും സോജ പറഞ്ഞു.

DONT MISS
Top