കുവൈറ്റില്‍ കുടുങ്ങിയ നഴ്‌സുമാരുടെ ദുരിതത്തിന് മോചനം; പുതിയ ജോലിയില്‍ ഉടന്‍ പ്രവേശിക്കാം

കുവൈറ്റ് സിറ്റി: കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ജോലിയോ താമസ രേഖയോ ഇല്ലാതെ കുവൈറ്റില്‍ കുടുങ്ങിക്കിടന്ന നഴ്‌സുമാരുടെ ദുരിതത്തിന് മോചനം. ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയായി. ഏത് ആശുപത്രികളിലേക്കാണ് ഇവര്‍ക്ക് നിയമനം ലഭിച്ചിരിച്ചിരിക്കുന്നത് എന്ന അറിയിപ്പ് അടുത്ത ദിവസങ്ങളില്‍ വരും.

ആകെ 80 നഴ്‌സുമാരായിരുന്നു ജോലി ലഭിക്കാതെ കുവൈറ്റില്‍ കുടുങ്ങികിടന്നിരുന്നത്. ഇതില്‍ ഫാമിലി വിസയിലുള്ള അഞ്ച് പേരും ഉള്‍പ്പെട്ടിരുന്നു. ഇവരുടെ താമസ രേഖ പുതുക്കുന്നതിന്റെ ഭാഗമായി ആരോഗ്യക്ഷമത പരിശോധന നടപടികള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.

രണ്ടു വര്‍ഷം മുമ്പ് ആരോഗ്യ മന്ത്രാലായ വിസയില്‍ എത്തിയവരാണു ഇവര്‍. കുവൈറ്റിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യപ്രകാരം കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഇവരുടെ പ്രശ്‌ന പരിഹാരത്തിന് ബന്ധപ്പെട്ട അധികാരികളോട് നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് നഴ്‌സുമാര്‍. നഴ്‌സുമാരില്‍ ചിലര്‍ ഇന്ന് വൈകീട്ട് കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡറെ നേരിട്ട് കണ്ട് നന്ദിയും അറിയിച്ചു.

DONT MISS
Top