മലബാറിലെ ട്രെയിന്‍ യാത്രാദുരിതത്തിന് പരിഹാരമായി മെമു സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നു

പ്രതീകാത്മക ചിത്രം

കോഴിക്കോട്: മലബാറിലെ ട്രെയിന്‍ യാത്രാദുരിതത്തിന് പരിഹാരമായി മെമു സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നു. സര്‍വീസ് ആരംഭിക്കാന്‍ നടപടി ക്രമങ്ങളുടെ കാലതാമസം മാത്രമേ ഉള്ളു എന്ന് എംകെ രാഘവന്‍ എംപി പറഞ്ഞു.

മലബാറിലെ യാത്രാക്ലേശത്തിന് പരിഹാരം കാണാന്‍ മെമു സര്‍വീസ് കൂടിയേ തീരൂ എന്ന ആവശ്യമാണ് അംഗീകരിക്കപ്പെടുന്നത്. സൂചി കുത്താനിടമില്ലാത്ത ട്രെയിനുകളില്‍ മണിക്കുറുകള്‍ നീണ്ട സാഹസിക യാത്രയ്ക്ക് ഇനി വിരാമമാകും. ഷൊര്‍ണ്ണൂര്‍-മംഗളുരു പാതയില്‍ കോഴിക്കോടിനെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുള്ള മെമു സര്‍വീസിനാണ് തത്വത്തില്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.

മെമു സര്‍വീസ് ആരംഭിക്കുന്നതോടുകൂടി വടക്കന്‍ ജില്ലകളിലെ ഹ്രസ്വദൂര യാത്രയ്ക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ട്രെയിനുകളുടെ സ്ഥിരമായുള്ള വൈകിയോട്ടങ്ങളും ജനറല്‍ കംപാര്‍ട്ടുമെന്റുകളിലെ ദുരിത യാത്രയും പഴങ്കഥകളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാങ്കേതിക തടസ്സങ്ങളില്ലാതിരുന്നിട്ടും ഷൊര്‍ണ്ണൂര്‍-മംഗളുരു പാതയില്‍ മെമു സര്‍വീസ് ആരംഭിയ്ക്കാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നത് നേരത്തേ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എംപിമാരടക്കമുള്ള ജനപ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ച് റെയില്‍വേ മന്ത്രാലയത്തെ പല തവണ സമീപിച്ചിരുന്നു. മെമു സര്‍വീസുകള്‍ക്കു കൂടി പച്ചക്കൊടി കാണിക്കുന്നതോടെ മലബാറിലെ യാത്രാക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

DONT MISS
Top