നിര്‍ബന്ധിത സ്‌പോര്‍ട്ട്‌സ് സെഷനിടെ മദ്രാസ് ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു; അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ചെന്നെ: മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി മഹിമ ജയരാജാണ് (18) നിര്‍ബന്ധിത സ്‌പോര്‍ട്ട്‌സ് സെഷനിടെ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചത്. മരണത്തില്‍  മദ്രാസ് ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

ബിഎസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥിനിയായ മഹിമ വൈകുന്നേരം അഞ്ചു മണിക്ക് കോളേജ് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നിര്‍ബന്ധിത ജോഗ്ഗിങ്ങിനുശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഹിമ സാധാരണയായി ബാഡ്മിന്റണാണ് കളിക്കാറെങ്കിലും സംഭവദിവസം ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാനാണ്  ആവശ്യപ്പെട്ടത്. ജോഗ്ഗിങ്ങിനുശേഷം തലകറങ്ങിയ മഹിമയെ അധികൃതര്‍ വിശ്രമിക്കാനനുവദിച്ചില്ല. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു.

ബിരുദം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ രണ്ടു ക്രെഡിറ്റുകള്‍ ലഭിക്കുന്നതിന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഫീല്‍ഡില്‍ കുറഞ്ഞത് 120 മണിക്കൂര്‍ സമയം ചെലവഴിക്കണം. ക്രെഡിറ്റുകള്‍ നഷ്ടപ്പെടുത്തിയാല്‍ കോഴ്‌സ് ആവര്‍ത്തിക്കേണ്ടതായി വരും. ഇത്തരം നിര്‍ബന്ധിത കായിക അഭ്യാസം കോളേജില്‍ നിന്നും നീക്കണമെന്നും ആരോഗ്യസ്ഥിതി മോശമായുള്ള വിദ്യാര്‍ത്ഥികളെ കേളേജ് മാനേജ്‌മെന്റ് ഗൗരവമായെടുക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പെണ്‍ക്കുട്ടിയുടെ വീട്ടുകാര്‍ ആദ്യം വിസ്സമ്മതിച്ചിരുന്നു. പിന്നീട് പൊലീസ് ഇടപ്പെട്ടതിനെ തുടര്‍ന്ന് പുലര്‍ച്ചെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വൈകുനേരമായിരുന്നു ശവസംസ്‌കാരം.  മഹിമക്ക് നേരത്തെ ആരോഗ്യപ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.

DONT MISS
Top