‘കിത്താബിന്റെ’ കണ്ണീര്‍

ലപ്പുഴയില്‍ നടക്കുന്ന 59-ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിവസം മാധ്യമങ്ങള്‍ പകര്‍ത്തിയ സദസ്സിന്റെ ദൃശ്യങ്ങളില്‍ കണ്ണുടക്കുന്നൊരു കാഴ്ചയുണ്ട്. നാടകങ്ങള്‍ നടക്കുന്ന വേദിക്കു മുന്നില്‍ നിറഞ്ഞ കണ്ണുകളുമായി കാഴ്ചക്കാരിയായിരിക്കുന്ന ഒരു പെണ്‍കുട്ടി. കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ കിത്താബ് എന്ന നാടകത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പ്രതിഭയാണ് അര്‍ത്ഥന എന്ന ഈ പെണ്‍കുട്ടി. അര്‍ത്ഥന മാത്രമല്ല കഴിവുകൊണ്ട് ഒന്നാം സ്ഥാനം നേടിയിട്ടും അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ റിയ പര്‍വിന്‍, സൂരജ്, ദേവനന്ദ, സിയാന, ശിഖപ്രിയ, ഊര്‍മിക, അഷിന്‍, അഭയ്, ദേവാനന്ദ് എന്നിവരും മൂക സാക്ഷികളായി നാടകവേദിക്ക് മുന്നിലുണ്ടായിരുന്നു.

നവംബര്‍ 22ന് വടകര ടൗണ്‍ ഹാളില്‍ വച്ച് നടന്ന കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അരങ്ങേറുകയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മത്സരിക്കാന്‍ അര്‍ഹത ലഭിക്കുകയും ചെയ്ത നാടകമാണ് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവതരിപ്പിച്ച റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത ‘കിത്താബ്’. മുസ്ലിം പശ്ചാത്തലത്തില്‍ കഥ പറയുന്ന നാടകത്തില്‍ ബാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ ആഗ്രഹസാഫല്യവും അതിന് മാതാപിതാക്കള്‍ നല്‍കുന്ന പിന്തുണയുമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

എന്നാല്‍ വ്യത്യസ്ഥ രീതിയില്‍ കഥ പറയാന്‍ ശ്രമിച്ചപ്പോള്‍ പ്രതീക്ഷിച്ച പ്രതികരണമല്ല നാടകത്തിന് ലഭിച്ചത്. കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയ നാടകത്തിനെതിരെ ചില മതസംഘടനകള്‍ രംഗത്ത് വന്നു. മത സംഘടനകളില്‍ നിന്നും ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നാടകാവതരണത്തില്‍ നിന്നും പിന്മാറിയതായി അറിയിക്കേണ്ടി വന്നു. നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് കിത്താബിനെതിരെ ഉണ്ടായത്.

കാലത്തിന്റെ അനിവാര്യമായ മാറ്റം ഉള്‍ക്കൊണ്ട ഒരു കലാസൃഷ്ടിയെ അങ്ങനെ കാണാന്‍ കഴിയാതെ കലാപമാക്കിയ മതമൗലികതയെക്കുറിച്ച് ഒന്നും പറയാനില്ല. പക്ഷേ സദസ്സില്‍ നിശ്ശബ്ദരായിരുന്ന് നിറഞ്ഞ കണ്ണുകളോടെ നാടകം കണ്ട കുട്ടികള്‍ കലാസ്‌നേഹികള്‍ക്ക് മുഴുവന്‍ വേദനയാകും. ഈ കണ്ണുനീര്‍ മനുഷ്വത്വമുള്ളവരുടെ ഉള്ളുപൊള്ളിക്കും. കഴിവിനെ അംഗീകരിക്കാതെ മാറ്റിനിര്‍ത്തിയപ്പോള്‍ സമപ്രായക്കാര്‍ അരങ്ങ് തകര്‍ക്കുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന അവരുടെ മാനസികാവസ്ഥ ഊഹിച്ചെടുക്കാന്‍ സമാന്യബുദ്ധിയുണ്ടായാല്‍ മതി. അവസാന നിമിഷം വരെ അവര്‍ ആഗ്രഹിച്ചിരുന്നു തങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ സാധിക്കുമെന്ന്. കുട്ടികളായ തങ്ങള്‍ക്കുള്ള വിവേചന ബുദ്ധിപോലും പ്രായവും വിദ്യാഭ്യാസവുമുള്ള ആളുകള്‍ക്ക് ഇല്ലെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷേ വിദ്യാഭ്യാസവും വിവരവും ഒന്നല്ലെന്ന് മനസിലാക്കാന്‍ കുട്ടികള്‍ ഇനിയും വളരേണ്ടിയിരിക്കുന്നു.

പുരോഗമന ചിന്തകളും നവോത്ഥാന മുന്നേറ്റങ്ങളുമൊക്കെയായി മുന്നോട്ട് കുതിക്കുകയാണ് സമ്പൂര്‍ണ്ണ സാക്ഷരത കേരളം. പക്ഷേ സമ്പൂര്‍ണ്ണ സാക്ഷരതയെന്നാല്‍ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന അടിത്തറയ്ക്ക് വിത്ത് പാകലല്ലെന്നും നവോത്ഥാന മുന്നേറ്റങ്ങളെന്നാല്‍ മത മൗലികവാദങ്ങളെയും വര്‍ഗ്ഗീയതകളെയും തുടച്ചെറിയുന്ന രീതിയല്ലെന്നും പുരോഗമന ചിന്തകളില്‍ നിന്ന് മതം മാറിനില്‍ക്കുമെന്നും ഈ തലമുറയ്ക്ക് പഠിപ്പിച്ചുകൊടുക്കുകയാണ് നമ്മള്‍.

കലോത്സവ വേദികളില്‍ തങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടന്നെ് തോന്നിയപ്പോള്‍, കൃതൃമത്വങ്ങള്‍ കടന്നുകൂടിയെന്ന് തോന്നിയപ്പോള്‍, വിധികര്‍ത്താക്കള്‍ ഉചിരരായവരല്ലെന്ന് തോന്നിയപ്പോള്‍ കുട്ടികള്‍ പ്രതികരിച്ച രീതി ശ്രദ്ധിക്കുന്നത് നല്ലതാണ്. അവര്‍ക്ക് ഒന്നും പിടിച്ചുവാങ്ങാനോ ഒന്നും നേടാനോ കഴിഞ്ഞില്ലായിരിക്കാം. പക്ഷേ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അധ്യാപകരുടേയും മാതാപിതാക്കളുടേയും പിന്നിലൊതുങ്ങിയിരുന്ന പഴയ തലമുറയില്‍ നിന്ന് മാറി മുന്നിലേക്ക് വന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ മുഖത്ത് നോക്കി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ മാത്രം ആര്‍ജ്ജവമുള്ളവരാണ് നമ്മുടെ കുട്ടികള്‍.

നോക്കുക ഇവരെല്ലാവരും എത്ര നന്നായാണ് സംസാരിക്കുന്നതെന്ന്. എത്ര തെളിമയോടെയാണ് കാര്യങ്ങളെ വിലയിരുത്തതെന്ന്! ഇവരിലെല്ലാവരിലും വര്‍ഗ്ഗീയതയുടെ വിഷം കുത്തിവെച്ച് മുരടിപ്പിച്ചു കളയാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാകും. ഒരു ബാങ്ക് വിളികൊണ്ട് അകറ്റിനിര്‍ത്തപ്പെട്ട കുഞ്ഞുങ്ങളോടൊരു വാക്ക്, മറ്റുള്ളവരുടെ വാക്ശരങ്ങളിലും പ്രതിഷേധങ്ങളിലും തകര്‍ന്നുപോകുന്നതല്ല നിങ്ങളിലെ ജന്മവാസനകള്‍. ഇന്നത്തെ കണ്ണുനീര്‍ ഇനിയുള്ള വഴികളില്‍ പൂമെത്ത വിരിക്കും. ഇനിയൊരായിരം കിത്താബുകള്‍ നിങ്ങള്‍ക്കു മുന്നില്‍ തുറക്കും. അടച്ചുവെച്ച പുസ്തകങ്ങള്‍ ആര്‍ക്കും അറിവ് പകര്‍ന്നിട്ടില്ല.

ഒരു ദിവസം ഒരു ശ്വാസത്തിന്റെ ഇടവേളയില്‍ ഇല്ലാതാകുന്നവരാണ് മനുഷ്യര്‍. എന്നിട്ടും ഇങ്ങനെ മതത്തെയും വിശ്വാസത്തെയും ആചാരങ്ങളെയും മുറുകെപ്പിടിച്ച് അക്രമങ്ങള്‍ക്ക് തിരികൊളുത്തുന്നത് എന്തൊരു വിരോധാഭാസമാണെന്നത് എന്ന് തിരിച്ചറിയും? ഇതെല്ലാം കഴിഞ്ഞ് എപ്പോഴാണ് മനുഷ്യനായി ജീവിക്കുക? ഒരു ചിത്രത്തിന്, ഒരു കലാസൃഷ്ടിക്ക്, ഒരു വാക്കിന് തകര്‍ക്കാന്‍ കഴിയുന്നതാണ് വിശ്വാസമെങ്കില്‍ എന്തിനാണത് ഇനിയും പൊതിഞ്ഞുപിടിക്കുന്നത്…

DONT MISS
Top