‘ലോഡ്ജിങ്’ എന്ന കടമ്പ കടന്ന് ‘സാവകാശ ഹർജി’; സുപ്രിം കോടതിയുടെ അടുത്ത അഞ്ച് പ്രവർത്തി ദിവസങ്ങളിൽ ഒന്നിൽ സാവകാശ ഹർജി ലിസ്റ്റ് ചെയ്യുമോ ? 

സാവകാശ ഹർജി, ശബരിമലയിലെ യുവതി പ്രവേശന വിധി നടപ്പിലാക്കാൻ സാവകാശം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷ പേര് അർത്ഥവത്താകുന്നത് പോലെ തന്നെ സാവകാശം ആദ്യ കടമ്പ കടന്നു. ചെറിയ കടമ്പ അല്ല കടന്നത്. ശബരിമലയിലെ യുവതി പ്രവേശനം പോലെ സങ്കീർണ്ണം ആയ പ്രക്രീയ ആണ് ഈ അപേക്ഷയും ആയി ബന്ധപ്പെട്ട് സുപ്രീം കോടതി റെജിസ്ട്രിയിൽ ഉണ്ടായത്.

സാധാരണ ഇത്തരം ഒരു miscellaneous application സുപ്രീം കോടതിയിൽ ഫയൽ ചെയ്താൽ മൂന്നോ നാലോ ദിവസത്തിന് ഉള്ളിൽ നമ്പർ ലഭിക്കേണ്ടത് ആണ്. എന്നാൽ നവംബർ 19 ന് നൽകിയ സാവകാശ അപേക്ഷയ്ക്ക് നമ്പർ ലഭിക്കുന്നത് 19 ദിവസം കഴിഞ്ഞ്. സാവകാശ അപേക്ഷയ്ക്ക് പിന്നിൽ നടന്ന സങ്കീർണ്ണ നടപടികളെ കുറിച്ച് ഒരു പോസ്റ്റ് ആണ് ആദ്യം ആലോചിച്ചത്. എന്നാൽ അതിനെ കാൾ ഉപരി ആയി ഒരു അപേക്ഷയ്ക്ക് പിന്നിൽ ഓടുന്നതിന്റെ അധ്വാനം കൂടി എഴുതുക ആണ്. ഇങ്ങനെ ഒക്കെ ഓടിയിട്ടും ഒടുവിൽ ഒന്നും ഉണ്ടാകാത്ത വാർത്തകളുടെ പട്ടികയിൽ ആണ് ഇത്. കോടതി റിപ്പോർട്ടിങ്ങിനെ കുറിച്ച് കൂടി ഒന്ന് രണ്ട് കാര്യങ്ങൾ ഈ പോസ്റ്റിൽ പറയുന്നുണ്ട്.

സുപ്രീം കോടതി റിപ്പോർട്ടിങ്ങിനെ കുറിച്ച് പറഞ്ഞു കൊണ്ട് തുടങ്ങാം. മൂന്ന് തരം വാർത്തകൾ ആണ് കോടതിയിൽ നിന്ന് ഉണ്ടാകുന്നത്. 1. കോടതിക്ക് ഉള്ളിൽ നടക്കുന്ന നടപടികളുടെ അടിസ്ഥാനത്തിൽ ഉള്ള വാർത്തകൾ. 2. കോടതിക്ക് ഉള്ളിൽ എന്നാൽ മാധ്യമങ്ങൾക്ക് പ്രവേശനം ഇല്ലാത്ത പ്രവേശനം ഇല്ലാത്ത ജഡ്ജിമാരുടെ കൊളീജിയം, ജഡ്ജിമാരുടെ ചേമ്പറിൽ നടക്കുന്ന നടപടികൾ, രെജിസ്ട്രിയിലെ നടപടികൾ, കോടതിയും ആയി ബന്ധപ്പെട്ട ഭരണപരം ആയ തീരുമാനങ്ങൾ തുടങ്ങിയവും ആയി ബന്ധപ്പെട്ട വാർത്തകൾ. 3. ജഡ്ജിമാരും മറ്റും നടത്തുന്ന വാർത്ത സമ്മേളനങ്ങൾ പൊതു ചടങ്ങുകൾ എന്നിവ. ഒന്നാമത്തെയും രണ്ടാമത്തെയും വിഭാഗത്തിൽ പെട്ട വാർത്തകൾ മാധ്യമ പ്രവർത്തകനെ മാത്രം ആശ്രയിച്ച് ആണെങ്കിൽ, മൂന്നാമത്തെ വിഭാഗത്തിൽ പെട്ടത് മറ്റ്‌ ചില ഘടകങ്ങളെ കൂടി ആശ്രയിച്ചാണ്.

റിപ്പോർട്ട് ചെയ്യാൻ ഏറ്റവും എളുപ്പം മൂന്നാമത്തെ വിഭാഗത്തിൽ പെട്ട വാർത്തകൾ ആണ്. കാണുന്നതും കേൾക്കുന്നതും ആണ് ഒന്നാമത്തെ വിഭാഗത്തിൽ പെട്ട വാർത്തകൾ. എന്നാൽ നേരിട്ട് കാണുന്നതിനെ കാളും, സോഴ്സുകൾക്ക് ആണ് രണ്ടാമത്തെ വിഭാഗത്തിൽ പ്രാധാന്യം. ഒന്നാമത്തെ വിഭാഗത്തെകാളും പതിമടങ്ങ് പ്രയാസം ആണ് രണ്ടാമത്തെ വിഭാഗത്തിൽ പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ. കാരണം ഇരുമ്പ് മറയ്ക്ക് പിന്നിൽ നടക്കുന്ന കാര്യങ്ങൾ ആണ് ജനങ്ങളിലേക്ക് കൊണ്ട് വരേണ്ടത്. തുറന്ന കോടതിയിൽ കണ്ണ് കൊണ്ട് കാണുന്നതും കാത് കൊണ്ട് കേൾക്കുന്നതും പോലെ അല്ല ചചേമ്പറിലും രെജിസ്ട്രിയിലും നടക്കുന്ന നടപടികൾ. ഇത്രയും ആമുഖം ആയി എഴുതിയത് കോടതിയിൽ നിന്ന് ഉണ്ടാകുന്ന എല്ലാ വാർത്തകളും ഒരേ തരത്തിൽ അല്ല എന്ന് വിശദീകരിക്കാൻ കൂടി ആണ്. ഭാവിയിൽ കോടതി വാർത്തകൾ വിലയിരുത്തുമ്പോൾ ഈ അറിവ് ചിലർക്ക് എങ്കിലും ഗുണകരം ആകും.

ഇനി സാവകാശ ഹർജിയിലേക്ക് വരാം.

നവംബർ 19

ഉച്ചക്ക് 2.06 ന് (കോടതി രേഖകൾ പ്രകാരം) ആണ് സാവകാശ അപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ആ വാർത്ത മലയാളത്തിലെ വാർത്ത ചാനലുകൾ റിപ്പോർട്ട് ചെയ്തു. ഏതാണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ സുപ്രീം കോടതി റിപ്പോർട്ട് ചെയ്യുന്ന ചില മാധ്യമ സുഹൃത്തുകൾക്ക് ആ സാവകാശ അപേക്ഷയുടെ പകർപ്പ് ലഭിച്ചു.

എനിക്ക് ആ അപേക്ഷയുടെ പകർപ്പ് “ആ സമയം” ലഭിച്ചിരുന്നില്ല. അതിന് കൃത്യമായ കാരണങ്ങളും ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വാർത്ത റിപ്പോർട്ട് ചെയ്യും എങ്കിലും വാർത്ത എന്റേത് അല്ലാത്ത വാർത്തകൾ ഞാൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യാറില്ല. അത് പോലെ രേഖകൾ ഉണ്ടെങ്കിൽ അത് കാണാത്തവയും ഞാൻ ഫേസ് ബുക്കിൽ ഇടാറില്ല. ശബരിമല വിഷയത്തിൽ സർക്കാരിന്റെയോ ദേവസ്വം ബോര്ഡിന്റെയോ ഒരു വാർത്ത ഞാൻ പോസ്റ്റ് ചെയ്യാതെ ഇരുന്നാൽ അത് പല വ്യാഖ്യാനങ്ങൾക്കും വഴി വയ്ക്കും എന്ന് ഉറപ്പാണ്. അതിനെ തമസ്കരണം എന്ന് പോലും ചിലർ പറഞ്ഞേക്കും. അതിനാൽ അന്ന് ഞാൻ ഉണ്ണിയുടെ വാർത്ത ഷെയർ ചെയ്തു. അപേക്ഷയുടെ പകർപ്പ് അഭിഭാഷകരോട് ചോദിക്കാത്തതിന് വ്യക്തിപരം ആയ കാരണവും ഉണ്ടായിരുന്നു. ഏതായാലും അത് ഗുണകരം ആയി.

നവംബർ 20

ചീഫ് ജസ്റ്റിസ് കോടതിയിൽ സാവകാശ ഹർജി അടിയന്തിരമായി പരിഗണിക്കണം എന്ന് ദേവസ്വം ബോർഡ് അഭിഭാഷകൻ പി എസ് സുധീർ മെൻഷൻ ചെയ്യും എന്ന അഭ്യൂഹം ശക്തമായിരുന്നു. മറ്റ് സുഹൃത്തുകൾക്ക് ഒപ്പം ഞാനും ആണ് ചീഫ് ജസ്റ്റിസ് കോടതിയിൽ കാത്ത്‌ നിന്നു. എന്നാൽ അന്ന് കോടതി മുറിയിൽ പോലും സുധീറിനെ കണ്ടില്ല. അന്നേ ദിവസം ആണ് സി ബി ഐ ഡയറക്ടർ അലോക് വർമ്മ സുപ്രീം കോടതിക്ക് മുദ്ര വച്ച കവറിൽ നൽകിയ അഫിഡവിറ്റ് ചോർന്നതിന് ചീഫ് ജസ്റ്റിസ് ക്ഷുഭിതൻ ആയത്. ഒരു കേസും അന്ന് മെൻഷൻ ചെയ്യാൻ ചീഫ് അനുവദിച്ചിരുന്നില്ല.

സുധീറിന്റെ അസാന്നിധ്യത്തിൽ എന്തോ എനിക്ക് ചില പ്രത്യേകത തോന്നി. സാവകാശ അപേക്ഷയ്ക്ക് പിന്നാലെ ഉള്ള എന്റെ ഓട്ടവും ആരംഭിക്കുന്നത് അന്ന് ആണ്. അപേക്ഷയ്ക്ക് നമ്പർ നൽകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് സംബന്ധിച്ച് രെജിസ്ട്രിയിൽ ചർച്ച നടന്നതായി എന്നോട് കോടതിയിലെ ഒരു സുഹൃത്ത് അറിയിച്ചു. എന്നാൽ “ബുദ്ധിമുട്ട്” എന്താണ് എന്ന് ആ സുഹൃത്തിന് വ്യക്തത ഇല്ലായിരുന്നു. തൊട്ട് അടുത്ത ദിവസം നബി ദിനത്തെ തുടർന്ന് കോടതി അവധി ആയിരുന്നു. അതിന് അടുത്ത ദിവസം ബന്ധപ്പെടാൻ ആയിരുന്നു സുഹൃത്തിന്റെ സ്നേഹപൂർണ്ണമായ നിർദേശം.

നവംബർ 22

13 വർഷത്തെ കോടതി റിപ്പോർട്ടിങ്ങിന് ഇടയിൽ “ലോഡ്ജിങ്” എന്ന സാങ്കേതിക പദം ആദ്യമായി അന്ന് കേട്ടു. ഒരു ഹർജി / അപേക്ഷ നമ്പർ പോലും നൽകാതെ രെജിസ്ടറി തള്ളുന്ന പ്രക്രീയ ആണ് “ലോഡ്ജിങ്”. ഇതിന് അപ്പുറം എന്തെങ്കിലും സാങ്കേതികം ആയ വിശദീകരണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. അന്ന് കോടതിയിൽ നിന്ന് ഞാൻ കേട്ട വാചകം ഇതാണ് “ദേവസ്വം ബോർഡ് നൽകിയ അപേക്ഷ ലോഡ്ജ് ചെയ്യും. അതിന് മുമ്പ് ദേവസ്വം ബോർഡ് അഭിഭാഷകനോട് വിശദീകരണം തേടും. അത് കൂടി കേട്ട ശേഷം ആകും തീരുമാനം”.

അന്ന് ദേവസ്വം ബോർഡ് അഭിഭാഷകൻ പി എസ് സുധീർ രെജിസ്ട്രിയിൽ എത്തി വിശദീകരണം നൽകി.

തൊട്ട് അടുത്ത ദിവസം ഗുരു നാനാക്ക് ജയന്തി. സുപ്രീം കോടതി അവധി. അതിനാൽ സുധീറിന്റെ വിശദീകരണം അറിയാൻ എനിക്ക് രണ്ട് ദിവസം കാത്തിരിക്കേണ്ടി വന്നു.

നവംബർ 22 ന് മറ്റൊരു രസകരം ആയ സംഭവം കൂടി നടന്നു. രഹ്ന ഫാത്തിമ അന്ന് സുപ്രീം കോടതിയിലെ കൺസൾട്ടേഷൻ റൂമിൽ വന്നിരുന്നു. അധികം ആരും അറിയാതെ ആണ് രഹ്ന വന്നത്. ആ സന്ദർശനം സുരക്ഷാ വിഭാഗത്തിൽ ഉണ്ടാക്കിയ ചലങ്ങളെ കുറിച്ച് പിന്നീട് എപ്പോഴെങ്കിലും എഴുതാം. രഹനയെ കാളും എനിക്കും അന്ന് പ്രധാനം സാവകാശ ഹർജി ആയിരുന്നു.

നവംബർ 24

സുപ്രീം കോടതി റെജിസ്ട്രി ഉച്ചവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ “ലോഡ്ജിങ്ങിന്” രെജിസ്ടറി ഉന്നയിച്ച വിഷയങ്ങൾ എന്താണ് എന്ന് അന്നാണ് അറിയാൻ സാധിച്ചത്.

1. വിധി പറഞ്ഞ് തീർപ്പാക്കിയ ഹർജികളിൽ പിന്നീട് അതും ആയി ബന്ധപ്പെട്ട വിഷയത്തിൽ പുതിയ അപേക്ഷകൾ കോടതികൾ സ്വീകരിക്കരുത് എന്ന് ജസ്റ്റിസ് മാരായ കെ എസ് രാധാകൃഷ്‌ണനും, ദിപക് മിശ്രയും അടങ്ങുന്ന ബെഞ്ച് 2013 ലോ മറ്റോ വിധിച്ചിരുന്നു. ഈ ജുഡീഷ്യൽ ഉത്തരവിന് പുറമെ ടി. എസ്. ഠാക്കൂർ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ഇക്കാര്യം വ്യക്തമാക്കി ഒരു ഓഫീസ് ഓർഡർ ഇറക്കുകയും ചെയ്തിരുന്നു. മുല്ലപെരിയാർ വിധിക്ക് ശേഷം തമിഴ്നാട് നൽകിയ ചില അപേക്ഷകൾ രെജിസ്ടറി ലോഡ്ജ് ചെയ്തിരുന്നു. അതേസമയം ദിപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് തീർപ്പാക്കിയ കേസുകളിലും അപേക്ഷകൾ സ്വീകരിച്ചിരുന്നു. രഞ്ജൻ ഗോഗോയ് ചീഫ് ജസ്റ്റിസ് ആയതിന് ശേഷം ഇത് ആദ്യമായാണ് ഇങ്ങനെ ഒരു അപേക്ഷ എത്തുന്നത്. അതിനാൽ ആയിരുന്ന കൺഫ്യൂഷൻ.

2. ശബരിമല വിധി ഇത്ര ദിവസത്തിന് ഉള്ളിൽ നടപ്പാക്കണം എന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. അതിനാൽ തന്നെ സാവകാശം എന്ന ആവശ്യം അപ്രസക്തം ആണ്. അതിനാൽ ഈ അപേക്ഷ സ്വീകരിക്കാൻ ആകില്ല.

ഈ രണ്ട് വിഷയത്തിൽ ആദ്യത്തെ വിഷയം രെജിസ്ടറി ഉന്നയിച്ചത് ആണെന്നും അതിന് മറുപടി നൽകിയിട്ടുണ്ട് എന്നും സുധീർ പിന്നീട് ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ വിഷയം കോടതി ആണ് തീരുമാനിക്കേണ്ടത് എന്നാണ് സുധീർ എന്നോട് പറഞ്ഞത്. ഞാൻ സുപ്രീം കോടതിയിൽ കണ്ടിട്ടുള്ള ഏറ്റവും മാന്യനായ അഭിഭാഷകരിൽ ഒരാളാണ് സുധീർ. അത് കൊണ്ട് തന്നെ സുധീറിനെ എനിക്ക് അവിശ്വാസം ഇല്ല.

നവംബർ 26

അന്ന് law day ആയിരുന്നു. സുപ്രീം കോടതിയിലെ രജിസ്ട്രാർ മാറും റെജിസ്ട്രിയിലെ ഭൂരിഭാഗം ജീവനക്കാരും അന്ന് വിഗ്യാൻ ഭവനിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. അതിനാൽ അന്ന് സാവകാശ ഹർജിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

നവംബർ 27

നാല് ഉദ്യോഗസ്ഥരുടെ കൈകൾ മറിഞ്ഞ് “സാവകാശ ഹർജി” സുപ്രീം കോടതി രജിസ്ട്രാർ സൂര്യ പ്രതാപ് സിംഗിന്റെ മുന്നിൽ എത്തി. ഹർജികൾ കോടതിയിൽ ലിസ്റ്റ് ചെയ്യുന്ന ത്തിന്റെ ചുമതല സൂര്യ പ്രതാപ് സിംഗിന് ആണ്.

നവംബർ 28

സൂര്യ പ്രതാപ് സിംഗിന്റെ മുകളിലേക്കും ആ ഫയൽ പോയി എന്നാണ് ഞാൻ കേട്ടത്. “മുകളിലേക്ക്” എന്നുള്ളത് കൂടുതൽ വിശദീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. കാരണം എനിക്ക് കൃത്യമായി അത് സ്ഥിരീകരിക്കാൻ കഴിയാത്ത ഒരു കാര്യം ആണ്.

നാല്പത്തി എട്ട് മണിക്കൂറിന് ഉള്ളിൽ തീരുമാനം ഉണ്ടാകും എന്നാണ് അന്ന് കോടതിയിലെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞത്. ഞാനും കാത്തിരിപ്പ് തുടങ്ങി.

ഡിസംബർ 1

ഉച്ച വരെ ആണ് രെജിസ്ടറി അന്ന് ഉണ്ടായിരുന്നത്. അന്ന് ഉച്ചക്ക് മുമ്പ് തീരുമാനം ഉണ്ടാകും എന്നാണ് അരിഞ്ഞത്. ദേവസ്വം ബോർഡിൻറെ അപേക്ഷ ലോഡ്ജ് ചെയ്‌തേക്കും എന്നും കേട്ടു. തൊട്ട് അടുത്ത ദിവസം ഞായറാഴ്ച.

ഞായറാഴ്ച എന്തെങ്കിലും വാർത്ത ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. അതിനാൽ “സാവകാശ ഹർജിയുടെ ലോഡ്ജിങ്” സൺ‌ഡേ സ്‌പെഷ്യൽ ആക്കി മാറ്റാൻ തീരുമാനിച്ചു. സൺ‌ഡേ സ്‌പെഷ്യൽ ആയി നേരത്തെ തീരുമാനിച്ചിരുന്ന ദിലീപിന്റെ ഹർജി ശനി ആഴ്ച നൽകി. പക്ഷേ എന്റെ കണക്ക് കൂട്ടൽ തെറ്റി. അന്നും സാവകാശ അപേക്ഷ സംബന്ധിച്ച തീരുമാനം ഉണ്ടായില്ല.

ഡിസംബർ 3 – 7

എല്ലാ ദിവസവും രണ്ട് തവണ എങ്കിലും ഞാൻ സാവകാശ അപേക്ഷയുടെ ഭാവി തേടി പോകും ആയിരുന്നു. വലിയ പ്രതീക്ഷയോടെ ആണ് എല്ലാ തവണയും പോക്ക്. എന്നാൽ മുകളിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല എന്ന മറുപടി കേട്ട് തൃപ്തി പെടാൻ ആയിരുന്നു വിധി.

ഡിസംബർ 8

അപ്രതീക്ഷിതം ആയാണ് ആ ഫോൺ കോൾ വന്നത്. ലോഡ്ജിങ് ഇല്ല. ദേവസ്വം ബോർഡിന്റെ സാവകാശ ഹർജിക്ക് നമ്പർ ആയി. നമ്പർ ഇതാണ് ………. .

ഇരുമ്പ് മറയ്ക്ക് ഉള്ളിൽ നടന്ന നടപടികൾക്ക് ശേഷം സാവകാശ ഹർജി ഇനി തുറന്ന കോടതിയിലേക്ക് വരുക ആണ്. ഇനി ഇതിൽ രഹസ്യം ഇല്ല . എല്ലാം പരസ്യം.

സാവകാശ ഹർജി എന്ന് ലിസ്റ്റ് ചെയ്യും എന്ന് അറിയില്ല. 2018 ൽ സുപ്രീം കോടതി ഇനി പ്രവർത്തിക്കുക അഞ്ച് പ്രവർത്തി ദിവസങ്ങൾ മാത്രം ആണ്. അഞ്ച് പ്രവർത്തി ദിവസങ്ങൾളിൽ ഈ ഹർജി ലിസ്റ്റ് ചെയ്യിക്കാൻ ദേവസ്വം ബോർഡ് അഭിഭാഷകൻ മെൻഷൻ ചെയ്യുമോ? നിലവിലെ സാഹചര്യത്തിൽ അത് ഉണ്ടാകാൻ ഇടയില്ല.

**************************

സാവകാശ അപേക്ഷയ്ക്ക് പിന്നിൽ ഉള്ള എന്റെ ഓട്ടത്തിൽ സഹായിച്ച ചിലർ ഉണ്ട്. അവരെ കുറിച്ച് ഇപ്പോൾ എഴുതാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അതിനാൽ ആണ് പേരുകൾ എഴുതാത്തത്. പിന്നീട് എന്നെങ്കിലും എഴുതും. എന്റെ കോടതി റിപ്പോർട്ടിങ്ങിലെ ശക്തി അവരിൽ പലരും ആണ്.

അവരോട് തീരാത്ത നന്ദിയുണ്ട്.

DONT MISS
Top