അവഞ്ചേഴ്‌സ് നാലാം ഭാഗം ‘എന്‍ഡ് ഗെയിം’; ട്രെയ്‌ലര്‍ പുറത്തിറങ്ങി

അവഞ്ചേഴ്‌സ് നാലാം ഭാഗവും ഇന്‍ഫിനിറ്റി വാറിന്റെ അടുത്ത ഭാഗം എന്ന് വിശേഷിപ്പിക്കാവുന്നതുമായ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് കാര്യമായി ഒന്നുംതന്നെ വിട്ടുതരാത്ത ട്രെയ്‌ലര്‍ ഒരുപിടി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുമുണ്ട്.

ചിത്രത്തിന്റെ ആദ്യ മിനുട്ടുകള്‍ എന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളാണ് ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടോണി സ്റ്റാര്‍ക്കും സ്റ്റീവ് റോജേഴ്‌സുമാണ്‌ ട്രെയ്‌ലറിന്റെ പ്രധാന രംഗങ്ങളില്‍ ഉള്ളത്.

ക്ലിന്റ് ബാര്‍ട്ടണ്‍ എന്ന കഥാപാത്രത്തിന്റെ തിരികെവരവും ആന്റ് മാന്‍ എന്ന സൂപ്പര്‍ ഹീറോയുടെ രംഗപ്രവേശവും ട്രെയ്‌ലറില്‍ കാണാം. എന്നാല്‍ ഏവരും പ്രതീക്ഷിച്ചതുപോലെ ക്യാപ്റ്റന്‍ മാര്‍വല്‍ ട്രെയ്‌ലറില്‍ ഉള്‍പ്പെട്ടിട്ടില്ല. താനോസിന്റെ രാജകീയ മടങ്ങിവരവ് ട്രെയ്‌ലറിലൂടെ ഉറപ്പിക്കാം.

റസ്സോ സഹോദരങ്ങള്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കെവിന്‍ ഫെയ്ജാണ്. മാര്‍വലിന്റെ ബാനറില്‍ പുറത്തുവരുന്ന ചിത്രം ലോകമെമ്പാടും വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് പ്രദര്‍ശനത്തിനെത്തിക്കും. ഏപ്രില്‍ 26നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

DONT MISS
Top